കേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു; വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചു; ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപടി; രേഖകള്‍ ലഭ്യമായാല്‍ പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും; കശുവണ്ടി വ്യവസായിയുടെ ആരോപണത്തില്‍ കരുതലോടെ വിജിലന്‍സും
കേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
കൊച്ചി: ഉദ്യോഗസ്ഥനെതിരേയുള്ള അഴിമതി ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉദ്യോഗസ്ഥരുടെയെല്ലാം ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കാനും നടപടി തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കൊച്ചി ഇഡിയുടെ നടപടി.
ഇ-മെയില്‍ മുഖാന്തരമാണ് വിജിലന്‍സുമായുള്ള ആശയവിനിമയമെന്നാണ് സൂചന. കേസ് ഒത്തുതീര്‍പ്പാക്കാനെന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുമായി ഓഫീസിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. കോള്‍ലിസ്റ്റിനൊപ്പം ഉദ്യോഗസ്ഥരുടെ മെയിലുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. വിജിലന്‍സില്‍നിന്ന് രേഖകള്‍ ലഭ്യമായാല്‍ ഇഡി ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
അതേസമയം ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണ് പ്രതിസ്ഥാനത്ത് ഉള്ളത് എന്നതു കൊണ്ട് തന്നെ കരുതലോടെയാണ് വിജിലന്‍സ് മുന്നോട്ടു പോകുന്നതും. ഉന്നത ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ശക്തമാണ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പുതിയ വെളിപ്പെടുത്തല്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കോഴക്കേസിലെ പരാതിക്കാരനായ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
കേസില്‍ ഇതുവരെ ഏജന്റുമാരായ വിത്സണ്‍, മുകേഷ് മുരളി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവരാണ് വിജിലന്‍സ് പിടിയിലായത്. ഇവര്‍ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയിലാണ്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പിടിയിലായ പ്രതികള്‍ക്ക് കേസിലെ ഒന്നാംപ്രതിയായ ഇ.ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായുള്ള ബന്ധം പരിശോധിക്കും. ഇതിനുശേഷമാകും ഇയാളുടെ ചോദ്യംചെയ്യല്‍. പിടിയിലായ രഞ്ജിത്തിന്റെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, കേസില്‍ പരിശോധനകള്‍ തുടരുന്നതായും കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളിലും പ്രതികള്‍ ഇടനിലക്കാരായിനിന്ന് പണം തട്ടിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇടനിലക്കാരുമായി സംസാരിച്ച് ധാരണയായാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു ശല്യവുമുണ്ടാകാറില്ലെന്നാണ് ഇരയായവര്‍ പറയുന്നത്. വിജിലന്‍സ് കേസിലെ പരാതിക്കാരനും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഇയാളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥര്‍ ഇടനിലക്കാരുടെ രംഗപ്രവേശനത്തിനുശേഷം വിളിച്ചിട്ടേയില്ലെന്നാണ് ഇയാളും വെളിപ്പെടുത്തുന്നത്.
നിലവില്‍ പിടിയിലായ മൂന്ന് പേര്‍ക്കും ഇ.ഡി ഓഫിസുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഉയര്‍ന്ന തസ്തികയിലുള്ളവരടക്കം കൂടുതല്‍ ഇ.ഡി ഉദ്യോഗസ്ഥരും സംശയനിഴലിലാണ്. ഇതോടൊപ്പം പിടിയിലായ മുകേഷ് ഹവാല റാക്കറ്റിലെ കണ്ണിയാണെന്നും ഉദ്യോഗസ്ഥരുടെ കോഴപ്പണം ഇയാളാണ് കടത്തിയിരുന്നതെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കൈക്കൂലി കേസെടുത്ത സംഭവത്തില്‍ ഇ.ഡിയും ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇ.ഡി ഡയറക്ടര്‍ കൊച്ചി സോണല്‍ ഓഫിസിനോട് റിപ്പോര്‍ട്ട് തേടി. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിര്‍ദേശം. രഹസ്യസ്വഭാവത്തില്‍ അയക്കേണ്ട സമന്‍സ് പുറത്തുപോയതിലും അന്വേഷണം നടത്തും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
ഇതിനിടെ, പരാതിക്കാരനായ അനീഷ് ബാബു വിജിലന്‍സ് ഓഫിസിലെത്തി മൊഴി നല്‍കി. നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയ ഇ.ഡി ഉന്നത ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞപ്പോള്‍ മാറിപ്പോയെന്ന് അനീഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയത് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറാണെന്നും രാധാകൃഷ്ണനെന്ന് പേര് മാറിപ്പറഞ്ഞതാണെന്നും അനീഷ് ബാബു പറഞ്ഞു.