വിവാഹം ആഡംബരമായില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് മരണമൊഴിയാകും; ശരീരത്തിലെ പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോള്‍ സംഭവിച്ചതെങ്കിലും കേസിന് ബലമേകാന്‍ ഈ പോസ്റ്റ് മാത്രം മതി; സ്ത്രീകളുടെ അടിവസ്ത്ര പ്രിയനെ പൊക്കാന്‍ പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; വിപഞ്ചികയ്ക്ക് നീതിയൊരുക്കാന്‍ ക്രൈംബ്രാഞ്ച്
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതി നിതീഷിനെതിരെ മതിയായ തെളിവുണ്ടെന്ന വിലയിരുത്തലില്‍ കുണ്ടറ പോലീസ്. വിപഞ്ചികയുടെ ഭര്‍ത്താവായ നിതീഷിനെ നാട്ടില്‍ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. നിതീഷിന്റെ അച്ഛനും സഹോദരിയും കേസില്‍ പ്രതികളാണ്. നിതീഷും വീട്ടുകാരും ചേര്‍ന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി. വീഡിയോ തെളിവുകള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. വിപഞ്ചികയുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളും ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്.
ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ കേരളപുരത്ത് സംസ്‌കരിച്ചു. ശരീരത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോള്‍ സംഭവിച്ചതെന്ന നിഗമനം ഉണ്ട്. എന്നാല്‍ വിപഞ്ചികയെ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കും. ഒന്നേകാല്‍ വയസുള്ള വൈഭവിയുടെ സംസ്‌കാരം നേരത്തെ ഷാര്‍ജയില്‍ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ തീരുമാനം. വൈഭവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാത്തത് നിതീഷിന്റെ പിടിവാശി മൂലം കൂടിയാണ്. നാട്ടിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന് നീതീഷിനും അച്ഛനും സഹോദരിക്കും അറിയാം. ഈ സാഹചര്യത്തിലാണ് നിതീഷും കുടുംബവും യുഎഇയില്‍ തുടരുന്നത്.
ഷാര്‍ജയിലായിരുന്ന വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയിരുന്നു. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്‌കരിച്ചിരുന്നു. വിപഞ്ചികയെയും മകളെയും ഒന്നിച്ച് സംസ്‌കരിക്കണമെന്ന വിപഞ്ചികയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് തടസ്സമായത് ഭര്‍ത്താവ് നിതീഷിന്റെ നിര്‍ബന്ധമാണ്. തനിക്ക് യാത്രാവിലക്കുള്ളതിനാല്‍ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കണമെന്നായിരുന്നു നിതീഷ് നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ കുണ്ടറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറും.
ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് 5.30ഓടെ കുണ്ടറ പട്ടാണിമുക്കിലുള്ള സഹോദരന്‍ വിനോദിന്റെ വീട്ടിലെത്തിച്ച മൃതദേഹം 6.30ഓടെ സംസ്‌കരിച്ചു. ഇന്‍ക്വസ്റ്റില്‍ വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും പാടുകളും കണ്ടെത്തി. അത് മര്‍ദനമേറ്റ പാടുകളല്ലെന്നും എംബാമിങ് നടത്തിയപ്പോഴുണ്ടായതാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. തിരുവനന്തപുരം ആര്‍.ഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്.പി ജി.ബി. മുകേഷിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീ പോസ്റ്റുമോര്‍ട്ടം.
വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്. ഇത് മരണ മൊഴിയാണെന്ന് പോലീസ് വിലയിരുത്തുന്നു. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷുമായുള്ള വിവാഹം. വിപഞ്ചിക യു.എ.ഇയിലെ സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. നിതീഷും യു.എ.ഇയിലായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, പിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതിന് ശേഷമാകും ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുക.