കുറെ നേരമായിട്ടും ആളിനെ മുറിക്ക് പുറത്ത് കാണുന്നില്ല; ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിച്ചതും ദാരുണ കാഴ്ച; യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി മരിച്ച നിലയിൽ

Update: 2026-03-05 14:28 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതി അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പ്രതിയായിരുന്ന ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 11-ന് വൈകിട്ട് നടന്ന സംഭവത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് മരണം. 

ലോഡ്ജ് മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ലോഡ്ജ് മാനേജർ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോൾ, കമിഴ്ന്നുകിടക്കുന്ന നിലയിലാണ് വിമൽകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 11-ന് വൈകിട്ട് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിത അഭിഭാഷകയെയാണ് വിമൽകുമാർ ശല്യം ചെയ്തത്. ഈ സംഭവം പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. യുവതിയുടെ പരാതിയിൽ ദൃശ്യങ്ങൾ സഹിതം നൽകിയിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും പ്രതിക്കായി വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിച്ചത് വിമൽകുമാറിനെ ഏറെ വേദനിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെത്തുടർന്ന് ഇയാൾ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.



Tags:    

Similar News