'ഡാഷ് മോനേ രേവന്താ' എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്നം; കൂടുതല്‍ മറുപടി പറയാനില്ലെന്ന് കെ എം ഷാജി

Update: 2026-04-07 12:27 GMT

മലപ്പുറം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വേങ്ങര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി. ഡാഷ് മോനേ രേവന്താ എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്നമാണെന്ന് കെ എം ഷാജി പറഞ്ഞു. കൂടുതല്‍ മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞു.

'വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയം അറിയില്ല. അതുകൊണ്ടാണ് വേങ്ങരക്കാരനായ സ്ഥാനാര്‍ത്ഥി വേണം എന്നൊക്കെ പറഞ്ഞത്. അതൊക്കെ തമാശയായിട്ട് കാണുന്നു. വേങ്ങരയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും', കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

രേവന്ത് റെഡ്ഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശത്തിന് 'ഡാഷ് മോനേ രേവന്താ...വിശദമായ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയായിരുന്നു. 'മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശം. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.

Similar News