തിരുവനന്തപുരം-തിരുച്ചിറപ്പള്ളി പാതയില്‍ വേഗമേറും; 130 കിലോമീറ്റര്‍ വേഗതയ്ക്കായി 92 കോടി അനുവദിച്ച് റെയില്‍വേ
ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള പ്രധാന പാതകളില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിഗ്‌നലിങ് സംവിധാനം നവീകരിക്കാന്‍ വന്‍തുക അനുവദിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടികള്‍ ഓടിക്കുന്നതിനായി 92.31 കോടി രൂപയാണ് ദക്ഷിണ റെയില്‍വേ വകയിരുത്തിയത്. ഇതിന് പുറമെ തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള (106 കി.മീ) സിഗ്‌നല്‍ നവീകരണത്തിനായി 38.70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുച്ചിറപ്പള്ളി-ദിണ്ടിഗല്‍ (96 കി.മീ) പാതയില്‍ 25.75 കോടി രൂപയുടെ നവീകരണം നടക്കും. ദിണ്ടിഗല്‍-തിരുനെല്‍വേലി (220 കി.മീ) റൂട്ടില്‍ 37.14 കോടിയും, തിരുനെല്‍വേലി-തിരുവനന്തപുരം (142 കി.മീ) പാതയില്‍ 29.42 കോടിയുമാണ് ചെലവഴിക്കുക. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാതയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം-കായംകുളം മേഖലയിലെ സിഗ്‌നലിങ് ജോലികള്‍ ആരംഭിക്കും.
സിഗ്‌നല്‍ നവീകരണം പൂര്‍ത്തിയാകുന്നതോടെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള അനന്തപുരി എക്‌സ്പ്രസിനും (20635), താംബരം-കൊല്ലം എക്‌സ്പ്രസിനും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. തമിഴ്നാട്ടിലെ എല്ലാ പ്രധാന റൂട്ടുകളിലും ഇതേ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള വിപുലമായ പദ്ധതികളാണ് റെയില്‍വേ ആവിഷ്‌കരിക്കുന്നത്. നിലവില്‍ ചെന്നൈ-ആര്‍ക്കോണം, ചെന്നൈ-ഗുഡൂര്‍, ആര്‍ക്കോണം-ജോലാര്‍പ്പേട്ട റൂട്ടുകളില്‍ ട്രെയിനുകള്‍ 130 കി.മീ വേഗതയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
വേഗത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാനായി ചെന്നൈ-ഗുഡൂര്‍, ചെന്നൈ-ആര്‍ക്കോണം പാതകളുടെ ഇരുവശവും കോണ്‍ക്രീറ്റ് വേലികള്‍ നിര്‍മ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ചെന്നൈ-തിരുച്ചിറപ്പള്ളി, ജോലാര്‍പ്പേട്ട-കോയമ്പത്തൂര്‍ റൂട്ടുകളിലും വേഗത കൂട്ടാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചെന്നൈ-ബെംഗളൂരു പാതയുടെ ഭാഗമായ ആര്‍ക്കോണം-ജോലാര്‍പ്പേട്ട സിഗ്‌നലിങ് നവീകരണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
