വോട്ടെടുപ്പ്: സംസ്ഥാനത്ത് രണ്ടുദിവസം മദ്യനിരോധനം; വോട്ടെണ്ണല്‍ ദിനത്തിലും ഡ്രൈ ഡേ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് മുതല്‍ വ്യാഴാഴ്ച വൈകീട്ട് വരെ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിനും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135ഇ പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ മദ്യശാലകള്‍ അടച്ചുപൂട്ടും. ബുധനാഴ്ച പൂര്‍ണ്ണമായും വ്യാഴാഴ്ച വോട്ടെടുപ്പ് സമയം കഴിയുന്നത് വരെയും നിരോധനം തുടരും. വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച ശേഷം മാത്രമേ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവാദമുള്ളൂ.
ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പുറമെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. പ്രത്യേക ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ ഇളവുണ്ടാകില്ല. ഏതെങ്കിലും ബൂത്തുകളില്‍ റീപോളിങ് ആവശ്യമായി വന്നാല്‍ ആ മേഖലകളില്‍ വോട്ടെടുപ്പ് ദിവസം പ്രത്യേകമായി ഡ്രൈ ഡേ പ്രഖ്യാപിക്കും.
വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിനും കര്‍ശന നിരോധനമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസും എക്സൈസും പരിശോധന ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്കും ഡി.ജി.പി.ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധിയായിരിക്കും.