ലൈംഗികാതിക്രമക്കേസിലെ അതിജീവിതയുടെ പേരു വെളിപ്പെടുത്തി; യൂട്യൂബർ ജിനു കുഞ്ഞുമോൻ പിടിയിൽ; നടപടി കൊച്ചി സൈബർ പൊലീസിന്റേത്

Update: 2026-04-07 12:16 GMT

കൊച്ചി: ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിയുടെ പേരും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ജിനു കുഞ്ഞുമോനെയാണ് (ജിനു കെ. കോശി–39) കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങളാണ് ഇയാൾ പുറത്തുവിട്ടത്.

തന്റെ യൂട്യൂബ് ചാനൽ, ഫെയ്‌സ്ബുക്ക് പേജ് എന്നിവ വഴിയാണ് ജിനു അതിജീവിതയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചത്. നിയമപരമായി വിലക്കുള്ള കാര്യം ലംഘിച്ചതിനെത്തുടർന്ന് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ഡിസിപി അശ്വതി ജിജി, സൈബർ പൊലീസ് എസിപി അനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ വലയിലാക്കിയത്.

പ്രതി കൊല്ലത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈബർ പൊലീസ് സംഘം അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻസ്‌പെക്ടർ ഷെമീർഷാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് കെ.ആർ, അജിത്ത് രാജ്, അരുൺ ആർ, അജിത്ത് ബാലചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ ആൽഫിറ്റ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News