വാംഖഡയില്‍ ആഞ്ഞടിച്ചു സഞ്ജു സാംസണ്‍; പവര്‍ഫുള്‍ ഷോട്ടുകളുമായി കളം നിറഞ്ഞ മലയാളി താരം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു; ആര്‍ച്ചറെ അടിച്ചു പരത്തിയ തുടക്കത്തിന് പിന്നാലെ ആളിക്കത്തി; ഉറച്ച പിന്തുണയുമായി ഇഷാന്‍ കിഷനും; ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
വാംഖഡയില്‍ ആഞ്ഞടിച്ചു സഞ്ജു സാംസണ്‍
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. മലയാളി താരം സഞ്ജു സാംസണ്‍ ഫോം തുടര്‍ന്നപ്പോല്‍ ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സഞ്ജു അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ ഇന്ത്യ 67 റണ്‍സാണ് എടുത്തിരുന്നത്. തുടക്കത്തില്‍ ഒരു ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു പിന്നീട് ഇംഗ്ലീഷ് ബൗളിങ്ങിനെ കടന്നാക്രമിച്ചു. സിക്‌സറുകള്‍ ഒഴുകിയതോടെ ഇന്ത്യ മികച്ച നിലിയലേക്കാണ് നീങ്ങുന്നത്.
രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (9) ഇന്ത്യയ്ക്ക് നഷ്ടമായി. വില്‍ ജാക്‌സിനാണ് വിക്കറ്റ്. നേരത്തേ നിര്‍ണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ഇംഗ്ലണ്ട് റെഹാന്‍ അഹമ്മദിനു പകരം ജെയ്മി ഓവര്‍ടണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സഞ്ജുവാണ് അടി തുടങ്ങിയത്. മൂന്നാം പന്തില്‍ ആര്‍ച്ചറെ ബൗണ്ടറി കടത്തിയ സഞ്ജു അടുത്ത പന്തില്‍ സിക്‌സ് അടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. ആര്‍ച്ചര്‍ക്കെതിരെ സിംഗിളെടുത്ത് തുടങ്ങി അഭിഷേക് ശര്‍മ വില്‍ ജാക്‌സ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി നല്ല തുടക്കമിട്ടെങ്കിലും അവസാന പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു അടുത്ത പന്തില്‍ മിഡ് ഓണില്‍ അനായാസ ക്യാച്ച് നല്‍കിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് അവിശ്വസനീയമായി നിലത്തിട്ടു.
പിന്നാലെ ആര്‍ച്ചറെ കൂറ്റന്‍ സിക്‌സിന് പറത്തിയ സഞ്ജു ഓവറില്‍ ഒരു ബൗണ്ടറി കൂടി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. വില്‍ ജാക്‌സ് എറിഞ്ഞ നാലാം ഓവറില്‍ സഞ്ജുവും കിഷനും ഓരോ ബൗണ്ടറി കൂടി നേടി. ജാമി ഓവര്‍ടണ്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ കിഷന്‍ ഇന്ത്യയെ 50 കടത്തി. സാം കറന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടിയ സഞ്ജു ഇന്ത്യയെ 69 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ 26 പന്തില്‍ സഞ്ജു തന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തി. ലിയാം ഡോസണെ സിക്‌സിന് പറത്തിയാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്.മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ അര്‍ധസെഞ്ചുറി.
