ഒന്നര പതിറ്റാണ്ടായിട്ടും ഐപിഎല്ലിൽ തകരാത്ത റെക്കോർഡ്; വെല്ലുവിളിയായി മുരളി വിജയിയുടെ ആ 11 സിക്സറുകൾ; ഒപ്പമെത്തി വൈഭവ്, തൊട്ടുപിന്നാലെ സഞ്ജു
ചെന്നൈ: ഐപിഎൽ പൂരപ്പറമ്പുകളിൽ സിക്സർ മെഷീനുകൾ ഒന്നിനുപുറകെ ഒന്നായി അവതരിച്ചിട്ടും ഒന്നര പതിറ്റാണ്ട് മുൻപ് ഒരു തമിഴ്നാട്ടുകാരൻ കുറിച്ച റെക്കോർഡ് ഇന്നും തലയുയർത്തി നിൽക്കുകയാണ്. ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം മുരളി വിജയിന്റെ റെക്കോർഡിന് ഒപ്പമെത്താനായതല്ലാതെ ഒരു ഇന്ത്യൻ താരത്തിനും മറികടക്കാനായിട്ടില്ല. യുവതാരം വൈഭവ് സൂര്യവംശിയാണ് ഈ കണക്കിൽ വിജയ്ക്ക് ഒപ്പമെത്തിയത്.
2010 ഐപിഎൽ സീസണിലായിരുന്നു രാജസ്ഥാൻ റോയൽസിനെതിരെ മുരളി വിജയിന്റെ ആ ബാറ്ററിങ് രാവ് അരങ്ങേറിയത്. അന്ന് ചെപ്പോക്കിലെ ഗ്യാലറികളിലേക്ക് മുരളിയുടെ ബാറ്റിൽ നിന്ന് പറന്നത് 11 സിക്സറുകൾ. വെറും 56 പന്തിൽ 8 ഫോറും 11 സിക്സും സഹിതം 127 റൺസാണ് ആ വലംകയ്യൻ ബാറ്റർ അന്ന് അടിച്ചുകൂട്ടിയത്. മുരളിയുടെ കരുത്തിൽ ചെന്നൈ അന്ന് പടുത്തുയർത്തിയത് 246 റൺസെന്ന കൂറ്റൻ സ്കോർ. ഒടുവിൽ 23 റൺസ് ജയവുമായി ചെന്നൈ കളം വിട്ടപ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മുരളിക്ക് തന്നെയായിരുന്നു.
മുരളി വിജയിന്റെ ഈ 11 സിക്സർ റെക്കോർഡിന് തൊട്ടടുത്തെത്താൻ പിന്നീട് പലർക്കും സാധിച്ചു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ചുറി ഇന്നിങ്സിൽ 11 സിക്സറുകൾ പറത്തി യുവതാരം വൈഭവ് സൂര്യവംശി മുരളിക്കൊപ്പമെത്തി. മലയാളി താരം സഞ്ജു സാംസണും ഈ പട്ടികയിൽ തൊട്ടുപിന്നാലെയുണ്ട്. 2018-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു നടത്തിയ വെടിക്കെട്ടിൽ 10 സിക്സറുകളാണ് പിറന്നത്. കേവലം 45 പന്തിൽ പുറത്താകാതെ 92 റൺസാണ് അന്ന് സഞ്ജു അടിച്ചെടുത്തത്.