പാക്കിസ്ഥാനില്‍ കാലുകുത്തരുത്! വാര്‍ണര്‍ക്കും സ്മിത്തിനും ഭീഷണിയുമായി സായുധ സംഘം; പിഎസ്എല്‍ മുടക്കാന്‍ ജമാഅത്തുല്‍ അഹ്റാര്‍; 'കളിക്കാനിറങ്ങിയാല്‍ വിവരമറിയും'; വിദേശതാരങ്ങള്‍ ജീവനും കൊണ്ട് ഓടുന്നു; ഇന്ധനവിലക്കയറ്റം കൂടിയായതോടെ ലീഗ് പ്രതിസന്ധിയില്‍
വാര്‍ണര്‍ക്കും സ്മിത്തിനും ഭീഷണിയുമായി സായുധ സംഘം
ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍.) 2026ന് മുന്നോടിയായി വിദേശ താരങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുമായി സായുധസംഘടനയായ ജമാത്ത് ഉള്‍ അഹ്രാര്‍ രംഗത്ത്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡാരില്‍ മിച്ചല്‍ എന്നിവരുള്‍പ്പെടെയുള്ള വിദേശ കളിക്കാര്‍ പാക്കിസ്ഥാനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ടൂര്‍ണമെന്റില്‍ നിന്ന് ഉടന്‍ പിന്മാറണമെന്നും സംഘടന കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണെന്ന് സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടന്‍ തന്നെ ലീഗില്‍ നിന്ന് പിന്മാറണമെന്നുമാണ് ജമാത്ത് ഉള്‍ അഹ്രാര്‍ വ്യക്തമാക്കിയത്. താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോര്‍ഡുകളോട് ഈ സംഘടനയുടെ ഒരു കമാന്‍ഡര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര കായികതാരങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും സായുധസംഘടന പറയുന്നു.
പാക്കിസ്ഥാന്‍ ജനത സൈനിക അടിച്ചമര്‍ത്തലിന്റെയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങളുടെയും ഫലമായി ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ പി.എസ്.എല്‍. നടത്തുന്നത് ക്രൂരമായി പരിഹസിക്കുന്നതിന് തുല്യമാണെന്ന് സംഘടന വിമര്‍ശിച്ചു. ഈ സമയത്ത് ഇത്തരം ടൂര്‍ണമെന്റുകള്‍ നടത്തുന്നത് മുറിവുകളില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവില്‍ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ധനവില കുതിച്ചുയരുന്നതും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
രണ്ട് നഗരങ്ങളില്‍ മാത്രമായി കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) തീരുമാനിച്ചതായാണ് വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഇന്ധനവില വര്‍ധനവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് പി.സി.ബി ചീഫ് മൊഹ്‌സിന്‍ നഖ്വി കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുറത്തുവരുന്ന കാരണങ്ങള്‍ക്കും അപ്പുറം മറ്റ് ചില ഗൗരവകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'തങ്ങളുടെ താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് ബന്ധപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളെ ഞങ്ങള്‍ ഉപദേശിക്കുന്നു. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കില്ല. ഞങ്ങള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു,' ജമാഅത്തുല്‍ അഹ്റാര്‍ കമാന്‍ഡര്‍ ദ സണ്‍ഡേ ഗാര്‍ഡിയനോട് പറഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ച് താരങ്ങള്‍ വന്നാല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്: 'ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യും, എന്നാല്‍ മത്സരങ്ങള്‍ നടക്കാന്‍ അനുവദിക്കില്ല. ടൂര്‍ണമെന്റ് തടസ്സപ്പെടുത്താനും കളിക്കാര്‍ മൈതാനത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യും.'
ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആദം സാംബ എന്നിവര്‍ക്ക് പുറമെ ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ന്യൂസിലന്‍ഡിന്റെ ഡെവന്‍ കോണ്‍വേ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങള്‍ ഈ വര്‍ഷത്തെ പിഎസ്എല്ലില്‍ അണിനിരക്കുന്നുണ്ട്. പിസിബി ഇതിനോടകം തന്നെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, 2026-ലെ ടൂര്‍ണമെന്റ് ഫോര്‍മാറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ഈ ഭീഷണികളുമായി ബന്ധപ്പെട്ടതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് 26-ന് സീസണ്‍ ആരംഭിക്കാനിരിക്കെ, പിസിബിയും അന്താരാഷ്ട്ര താരങ്ങളും ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
