വിരാട് കോലിയെയും വീഴ്ത്തിയ ഗംഭീര യോര്‍ക്കര്‍! പ്രായം ചെല്ലുംതോറും വീര്യം കൂടി സ്വിംഗ് മാന്ത്രികന്‍ ഭുവനേശ്വര്‍ കുമാര്‍
വിരാട് കോലിയെയും വീഴ്ത്തിയ ഗംഭീര യോര്‍ക്കര്‍!
ബംഗളുരു:ഐപിഎല്‍ പുതിയ സീസണ് ഒരുങ്ങുകയാണ്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ഇതിനോടകം തന്നെ എല്ലാ ടീമുകളും പ്രീ സീസണ്‍ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലന ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ആര്‍സിബിയുടെയും ഇന്ത്യന്‍ ടീമിന്റെയും സൂപ്പര്‍ താരം വിരാട് കോഹ്ലിയെ തറപറ്റിച്ചുകൊണ്ട് സ്വിംഗ് മാന്ത്രികന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മാരക യോര്‍ക്കറാണ് ഇപ്പോള്‍ വൈറലാവുന്നത്. 36-ാം വയസ്സിലും തന്റെ ബോളിങ്ങിന്റെ കരുത്ത് തീര്‍ത്തും നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കോഹ്ലിയുടെ അടിതെറ്റിച്ച ഭുവിയുടെ ആ സൂപ്പര്‍ യോര്‍ക്കര്‍.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന നെറ്റ് പരിശീലനത്തിനിടെയാണ് സംഭവം. ഭുവി എറിഞ്ഞ ലെഗ് സ്റ്റംപ് യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ കോഹ്ലിക്ക് സാധിച്ചില്ല. പന്ത് നേരിടുന്നതിനിടെ ബാലന്‍സ് തെറ്റിയ കോഹ്ലി പൂര്‍ണ്ണമായും പതറിപ്പോയി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 10.75 കോടി രൂപ മുടക്കിയാണ് ആര്‍സിബി ഭുവിയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആര്‍സിബി തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്. ജോഷ് ഹേസല്‍വുഡ് ആദ്യ മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും ആര്‍സിബിയുടെ ബോളിങ് നിരയെ നയിക്കേണ്ടി വരുന്നത് ഭുവിയാകും.
