മൂന്ന് ഐസിസി ട്രോഫികള്‍; സൂര്യകുമാറിനെ ട്വന്റി 20 നായകനാക്കിയ മാസ്റ്റര്‍ സ്‌ട്രോക്ക്! അഗാര്‍ക്കറുടെ തന്ത്രങ്ങളില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് സുവര്‍ണ്ണകാലം; എന്നാല്‍ ടെസ്റ്റിലെ തോല്‍വികള്‍ വില്ലനാകുമോ? ചീഫ് സെലക്ടര്‍ സ്ഥാനത്ത് കാലാവധി നീട്ടണമെന്ന് ആവശ്യം; ഇന്ത്യന്‍ ക്രിക്കറ്റിലെ അഗാര്‍ക്കര്‍ യുഗം തുടരുമോ? ബിസിസിഐയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍

Update: 2026-03-19 10:54 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തലപ്പത്ത് അജിത് അഗാര്‍ക്കര്‍ യുഗം തുടരുമോ എന്ന ആകാംക്ഷയിലാണ് കായിക ലോകം. 2027-ലെ ഏകദിന ലോകകപ്പ് വരെ തനിക്ക് കാലാവധി നീട്ടിനല്‍കണമെന്ന് അഗാര്‍ക്കര്‍ ബിസിസിഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവില്‍ 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 2024, 2026 വര്‍ഷങ്ങളിലെ ടി20 ലോകകപ്പ് വിജയങ്ങളും 2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടവും മുന്‍നിര്‍ത്തിയാണ് അഗാര്‍ക്കര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സുവര്‍ണ്ണ അധ്യായങ്ങളിലൊന്നായാണ് 2023-ല്‍ ചീഫ് സെലക്ടറായി ചുമതലയേറ്റ കാലഘട്ടമെന്നാണ് അഗാര്‍ക്കറിന്റെ അവകാശവാദം. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കി. ഇതിനുപുറമെ 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കുന്നതിലും രണ്ട് തവണ ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും അഗാര്‍ക്കറുടെ സെലക്ഷന്‍ തന്ത്രങ്ങള്‍ നിര്‍ണ്ണായകമായി. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കളിച്ച 33 ഏകദിനങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത് എന്നത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അഗാര്‍ക്കര്‍ തെരഞ്ഞെടുത്തുനല്‍കിയ ടീമിന്റെ ആധിപത്യം വ്യക്തമാക്കുന്നു.

ടീമിലെ തലമുറമാറ്റം അങ്ങേയറ്റം പക്വതയോടെ കൈകാര്യം ചെയ്തു എന്നതാണ് അഗാര്‍ക്കറുടെ ഏറ്റവും വലിയ നേട്ടം. രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വിരമിക്കലിന് ശേഷം ടീമിനെ പുതിയൊരു ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2024-ലെ ലോകകപ്പിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവിനെ ട്വന്റി20 ക്യാപ്റ്റനാക്കിയ അദ്ദേഹത്തിന്റെ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അത് ശരിയായ നീക്കമാണെന്ന് കാലം തെളിയിച്ചു. അതുപോലെ, 2026 ലോകകപ്പിന് മുന്നോടിയായി ശുഭ്മാന്‍ ഗില്ലിനെ ടീമിന് പുറത്തിരുത്തി ഇഷാന്‍ കിഷനെ തിരികെ കൊണ്ടുവന്ന തീരുമാനം കിരീടം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള അഗാര്‍ക്കറുടെ ഒത്തുപൊരുത്തവും ശ്രദ്ധേയമാണ്. ഇന്ത്യയുടെ സമീപകാല കിരീടനേട്ടങ്ങള്‍ അഗാര്‍ക്കര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന് ഗംഭീര്‍ പറഞ്ഞത് ഇരുവരും തമ്മിലുള്ള മികച്ച ഏകോപനത്തിന്റെ തെളിവാണ്. പ്രഗ്യാന്‍ ഓജ, ആര്‍.പി. സിങ്, അജയ് രത്ര, ശിവ് സുന്ദര്‍ ദാസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ പാനലിനെ മികച്ച രീതിയില്‍ നയിക്കാന്‍ അഗാര്‍ക്കര്‍ക്ക് സാധിക്കുന്നുണ്ട്.

എങ്കിലും വെല്ലുവിളികള്‍ ഇല്ലാതെയല്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ അപരാജിത കുതിപ്പ് നടത്തുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം അഗാര്‍ക്കര്‍ക്ക് തിരിച്ചടിയാണ്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരോടേറ്റ പരമ്പര തോല്‍വികളും സ്വന്തം മണ്ണിലെ പരാജയങ്ങളും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, വെസ്റ്റ് സോണില്‍ നിന്നുള്ള മറ്റൊരു പ്രമുഖ താരം ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ 2027-ലെ ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ച സാഹചര്യത്തില്‍, പരിചയസമ്പന്നനായ അഗാര്‍ക്കറെ മാറ്റുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് ബിസിസിഐയിലെ ഒരു വിഭാഗം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ടീമിന്റെ അപ്രമാദിത്വം പരിഗണിച്ച് കരാര്‍ നീട്ടുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ടെസ്റ്റ് ലോകകപ്പിന്റെ നിര്‍ണ്ണായക ഘട്ടവും അഗാര്‍ക്കറുടെ തുടര്‍ച്ചയ്ക്ക് അനുകൂല ഘടകമായേക്കാം. അന്തിമ തീരുമാനം ബിസിസിഐ ഉടന്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ജൂണില്‍ ടീമിന്റെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറിന്റെ കാലാവധി 2025 ഐപിഎല്ലിന് തൊട്ടുമുന്‍പാണ് ഒരു വര്‍ഷം നീട്ടിനല്‍കിയത്. 2024 ലെ ട്വന്റി20 ലോകകപ്പും 2025ലെ ചാംപ്യന്‍സ് ട്രോഫിയും നേടിയതിന് പ്രതിഫലമായിരുന്നു കാലാവധി നീട്ടിയത്. 2026 ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് അഗാര്‍ക്കറുടെ പുതിയ ആവശ്യം. എന്നാല്‍ വെസ്റ്റ് സോണില്‍ നിന്നുള്ള മറ്റൊരു മുന്‍ ഇന്ത്യന്‍ താരം ചീഫ് സെലക്ടര്‍ സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ട്. ടെസ്റ്റ് ലോകകപ്പ് നിര്‍ണായക ഘട്ടത്തിലെത്തിയും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് ഒരുക്കങ്ങള്‍ തുടങ്ങിയതുമായ സാഹചര്യത്തില്‍ അഗാര്‍ക്കറെ ഒഴിവാക്കാന്‍ ബി.സി.സി.ഐ തയ്യാറാകുമോ എന്നതാണ് ചോദ്യം. അഗാര്‍ക്കറുടെ ആവശ്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.

Tags:    

Similar News