'ചികിത്സിക്കാന്‍ പണമില്ലാത്ത പാവങ്ങളെപ്പോലും പാക്കിസ്ഥാന്‍ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല'; ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന്‍ താരം

ഇത് അംഗീകരിക്കാനാവില്ല'; ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന്‍ താരം

Update: 2026-03-18 10:14 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളില്‍ പാക്കിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ സ്പിന്‍ താരം അള്ളാ ഗസന്‍ഫര്‍. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് വൈകാരികമായാണ് താരം പ്രതികരിച്ചത്. ഇന്ത്യ അഫ്ഗാനിസ്താന്റെ അടുത്ത സുഹൃത്താണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഗസന്‍ഫര്‍ ആവശ്യപ്പെട്ടു.

400 ഓളം പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം അഫ്ഗാന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ്. 2000 ബെഡുകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടു. 'ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല', ഐ.പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിക്കുന്ന ഗസന്‍ഫര്‍ പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങള്‍ കൊണ്ട് പാകിസ്താന്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് താരം ചോദിച്ചു. അഫ്ഗാനിസ്താന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ ചരിത്രം ആവര്‍ത്തിച്ചാല്‍ അത് പാക്കിസ്താന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗസന്‍ഫര്‍ മുന്നറിയിപ്പ് നല്‍കി. ലോകം ഇപ്പോള്‍ തന്നെ നിരവധി വെല്ലുവിളികള്‍ നേരിടുകയാണെന്നും ഇത്തരം സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും താരം ഓര്‍മിപ്പിച്ചു.

സൗഹൃദ രാജ്യമായ ഇന്ത്യ ഈ വിഷയത്തില്‍ സംസാരിക്കണമെന്നും ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഗസന്‍ഫര്‍ അഭ്യര്‍ഥിച്ചു. അതേസമയം, വ്യോമാക്രമണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്.

Tags:    

Similar News