ഗെയ്ക്വാദ് നയിക്കുന്ന ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താണെന്ന് ചോദ്യം; ഒരു 'വൈസ് ക്യാപ്റ്റന്‍' എന്ന് അനില്‍ കുംബ്ലെ; ധോണിയുടെ അതേ ശൈലിയിലുള്ള താരമെന്ന് പ്രശംസ

Update: 2026-03-18 16:11 GMT

ചെന്നൈ: ഐപിഎല്‍ സീസണിന് തുടക്കമാകാനിരിക്കെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദം ഐപിഎല്ലിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇതോടെ സഞ്ജു മഞ്ഞകുപ്പായത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറുമെന്നാണ് പ്രതീക്ഷ. മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. സഞ്ജുവിന്റെ വരവ് ചെന്നൈ ടീമിന് പുതിയൊരു ഊര്‍ജ്ജം നല്‍കുമെന്നും എം.എസ്. ധോണിയുടെ അതേ ശൈലിയുളള്ള താരമാണ് സഞ്ജുവെന്നും കുംബ്ലെ ജിയോ ഹോട്സ്റ്റാറില്‍ പറഞ്ഞു.

റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താണെന്ന ചോദ്യത്തിന് സഞ്ജുവിനെ ഒരു 'വൈസ് ക്യാപ്റ്റന്‍' റോളിലാണ് താന്‍ കാണുന്നതെന്ന് കുംബ്ലെ പറഞ്ഞു. സഞ്ജുവിന് സിഎസ്‌കെയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച റോള്‍ വൈസ് ക്യാപ്റ്റന്റേതാണ്. രാജസ്ഥാന്‍ റോയല്‍സിനെ ദീര്‍ഘകാലം നയിച്ച പരിചയം സഞ്ജുവിനുണ്ട്. അതുകൊണ്ട് തന്നെ ആ നേതൃപാടവം സ്വാഭാവികമായും സഞ്ജുവില്‍ നിന്ന് സിഎസ്‌കെയ്ക്ക് ലഭിക്കും. റുതുരാജിന് എന്തെങ്കിലും കാരണവശാല്‍ കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ധോണിയേക്കാള്‍ മുന്‍പ് ടീമിനെ നയിക്കാന്‍ സഞ്ജുവിനെയാകും മാനേജ്മെന്റ് പരിഗണിക്കുകയെന്നും കുംബ്ലെ പറഞ്ഞു.

സഞ്ജുവിനെ ചെന്നൈ ടീമിലെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ജനിച്ച സഞ്ജുവിന് തമിഴ് സംസാരിക്കാന്‍ അറിയാം. ഇത് ചെന്നൈയിലെ ആരാധകരുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ സഹായിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ എം.എസ്. ധോണിയുടെ അതേ ശൈലിയാണ് സഞ്ജുവിന്റേതും. ലോകകപ്പിലെ മിന്നും പ്രകടനവും തുടര്‍ച്ചയായ മൂന്ന് തകര്‍പ്പന്‍ ഇന്നിംഗ്സുകളും സഞ്ജുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണുകള്‍ മാറുന്നതിന്റെ തുടര്‍ച്ചയായാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവിനെ കുംബ്ലെ കാണുന്നത്. ഗാവസ്‌കര്‍, സച്ചിന്‍, വിരാട്, ധോണി എന്നിവര്‍ നയിച്ച ആ പ്രഭാവം അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നു. സഞ്ജു ഈ മാറ്റത്തിന്റെ പ്രധാന കണ്ണിയാണെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ചില മത്സരങ്ങളില്‍ ധോണിക്ക് പകരം സഞ്ജു വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത് കണ്ടാലും അത്ഭുതപ്പെടാനില്ലെന്നും കുംബ്ലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

Similar News