പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്; ലേലത്തില്‍ പങ്കെടുക്കാതെ പിന്‍മാറി അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍
പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്
സിഡ്നി: പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാനൊരുങ്ങുന്ന ഓസീസ് താരങ്ങള്‍ക്കാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. പിഎസ്എല്‍ കളിക്കാനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും പെഷവാര്‍ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശം താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ ആക്രമണത്തിനു പിന്നാലെയാണ് പ്രത്യേക നിര്‍ദ്ദേശം.
ഇറാന്‍- ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലം നിലവില്‍ ലീഗിനു തന്നെ ഭീഷണിയായി നില്‍ക്കുന്നുണ്ട്. അതിനിടെയാണ് അഫ്ഗാനിസ്ഥാനു നേരെ നടന്ന ആക്രമണം. ഇതോടെയാണ് ഓസീസ് താരങ്ങള്‍ക്ക് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍ അടക്കമുള്ള താരങ്ങള്‍ പിഎസ്എല്ലില്‍ കളിക്കാനിറങ്ങുന്നുണ്ട്. ആരോണ്‍ ഹാര്‍ഡി, ജാക്ക് ഫ്രേസര്‍ മക്ക് ഗുര്‍ഗ് എന്നിവരും പിഎസ്എല്‍ കളിക്കുന്നുണ്ട്. ടിം പെയ്ന്‍, ജാസന്‍ ഗില്ലസ്പി അടക്കമുള്ളവര്‍ പരിശീലകരായും ലീഗിലുണ്ട്. ഈ മാസം 26 മുതലാണ് പിഎസ്എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
പെഷവാറില്‍ പിഎസ്എല്‍ പോരാട്ടമുണ്ട്. പെഷവാര്‍ സാല്‍മിയും റാവല്‍പിണ്ടീസുമായുള്ള മത്സരമാണ് പെഷാവറില്‍ അരങ്ങേറുന്നത്. മത്സരം ഈ മാസം 28നാണ് നടക്കുന്നത്. സാല്‍മി ടീമിലാണ് ആരോണ്‍ ഹാര്‍ഡി കളിക്കുന്നത്. പിണ്ടീസിലാണ് മക്ക്ഗുര്‍ഗ്. ഇരുവരും കളിക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.
അതിനിടെ പിഎസ്എല്ലില്‍ ഇത്തവണ ലേലത്തിലൂടെ താരങ്ങളെ എടുക്കുന്നുണ്ട്. ഇതാദ്യമായാണ് താര ലേലം നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ താരങ്ങളായ മുജീബ് യുആര്‍ റഹ്‌മാന്‍, സെദ്ദിഖുല്ല അടല്‍, മുഹമ്മദ് നബി, വഖാര്‍ സലാംഖലീല്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ താരങ്ങളെല്ലാം ലേലത്തില്‍ നിന്നു നിലവില്‍ പിന്‍മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി നേരിട്ട് തന്നെ ടീമിലെടുത്തിരുന്നു. എന്നാല്‍ താരവും കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്.
