'ഇതൊരു കോമഡി സീരിയല്‍ പോലെ കണ്ട് ആസ്വദിക്കൂ; ഞാനിപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്; മുപ്പത് പേരെ പരീക്ഷിച്ചാലും ഫലം ഇതുതന്നെയായിരിക്കും; ആരാധകര്‍ക്ക് കളിയിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയുന്നില്ല'; ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി കമ്രാന്‍ അക്മല്‍

Update: 2026-03-16 10:46 GMT

ലാഹോര്‍: ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും ടീം അധികൃതര്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രതിഷേധവും. 2026 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-8 ഘട്ടത്തില്‍ പുറത്തായതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് നാലാം സ്ഥാനക്കാരായ പാകിസ്ഥാന്‍ പരാജയപ്പെടുന്നത്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ടീമിലെ പരീക്ഷണങ്ങളും പുതുമുഖങ്ങളുടെ അതിപ്രസരവുമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു.

ടീമിന്റെ പ്രകടനത്തില്‍ മനംമടുത്ത മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ ഒരു ടോക്ക് ഷോയ്ക്കിടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ''നിങ്ങള്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നത്? ഇതൊരു കോമഡി സീരിയല്‍ പോലെ കണ്ട് ആസ്വദിക്കൂ. ഞാനിപ്പോള്‍ അങ്ങനെയാണ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളില്‍ അവര്‍ മുപ്പത് പേരെ പരീക്ഷിച്ചാലും ഫലം ഇതുതന്നെയായിരിക്കും. അവര്‍ക്ക് ഫലത്തെക്കുറിച്ച് ആശങ്കയില്ല, പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് താല്‍പ്പര്യം. ആരാധകര്‍ക്ക് കളിയിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.'' അക്മല്‍ പരിഹസിച്ചു.

അതേസമയം, അംപയര്‍ക്കെതിരെ പരാതിയുമായി പാക്കിസ്ഥാന്‍ രംഗത്ത് വന്നു. മത്സരത്തിലെ അമ്പയറായ കുമാര്‍ ധര്‍മ്മസേനയുടെ ഒരു തീരുമാനത്തിനെതിരെ മാച്ച് റഫറി നിയാമുര്‍ റാഷിദിനാണ് പാക്കിസ്ഥാന്‍ പരാതി നല്‍കിയത്. റിഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ നിന്ന് 2 റണ്‍സ് മാത്രം ലഭിച്ചതോടെ ലക്ഷ്യം രണ്ട് പന്തില്‍ 12 റണ്‍സായി മാറി. അഞ്ചാമത്തെ പന്ത് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വൈഡ് വിളിച്ചു.

എന്നാല്‍ ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈനും വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇത് ബാറ്റില്‍ തട്ടിയ പന്താണെന്ന് വാദിക്കുകയും റിവ്യൂ എടുക്കുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ അമ്പയര്‍ക്ക് തീരുമാനം തിരുത്തേണ്ടി വന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഡിആര്‍എസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പാകിസ്ഥാന്‍ മാനേജ്‌മെന്റ് ആരോപിക്കുന്നത്. സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ പന്തിന്റെ റീപ്ലേ കാണിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്ന് പാകിസ്ഥാന്‍ വാദിക്കുന്നു.

Tags:    

Similar News