'ഗംഭീര്‍ നല്‍കിയ ഉപദേശം അനുസരിച്ചു, അതാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്'; ഫോം വീണ്ടെടുത്തത് തുറന്ന് പറഞ്ഞ് അഭിഷേക് ശര്‍മ

'ഗംഭീര്‍ നല്‍കിയ ഉപദേശം അനുസരിച്ചു, അതാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്

Update: 2026-03-16 06:37 GMT

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തായത് ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ്. ഓപ്പണര്‍മാരായ സഞ്ജു സാംസനും അഭിഷേക് ശര്‍മയും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് ആണ് മത്സരത്തില്‍ നിര്‍ണായകമായത്. ഇതാണ് ന്യൂസിലന്‍ഡ് ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാനുള്ള പ്രധാന കാരണവും. ടൂര്‍ണമെന്റില്‍ അത്ര മികച്ച തുടക്കമാരുന്നില്ല അഭിഷേകിന് ലഭിച്ചത്. തുടര്‍ച്ചയായി മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് പരാജയമായി മാറിയിരുന്നു.

എന്നാല്‍ മോശം സമയത്ത് ടീമിലെ സഹതാരങ്ങള്‍ നല്‍കിയ ഉപദേശമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് അഭിഷേക് പറഞ്ഞു. ''മൂന്ന് ഡക്കിന് ശേഷം സൂര്യകുമാര്‍ യാദവ്, കോച്ച് ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്, ഫോണ്‍ എടുത്ത് സോഷ്യല്‍ മീഡിയ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക എന്നായിരുന്നു അത്. ഞാന്‍ അത് അനുസരിച്ചു. അതാണ് തന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണം'' അഭിഷേക് വ്യക്തമാക്കി.

ആളുകളില്‍ നിന്ന് ഒരുപാട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വരും. ഒരു ക്രിക്കറ്ററുടെ ജീവിതം അങ്ങനെ തന്നെയാണ്. നിങ്ങള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. എന്നാല്‍ കേട്ട് അവഗണിക്കുകയാണ് ചെയ്യേണ്ടത്, കാരണം ആളുകള്‍ക്ക് നിങ്ങളില്‍ വലിയ പ്രതീക്ഷയാണ്. ചിലപ്പോള്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കും, ചിലപ്പോള്‍ അത് സാധിക്കില്ല. അതെല്ലാം മുന്‍കൂട്ടി നമ്മള്‍ കാണണം എന്നും അഭിഷേക് പറഞ്ഞു.

Tags:    

Similar News