'ചേട്ടന്‍ ഇന്‍ ചെന്നൈ! ഞങ്ങള്‍ കാത്തിരുന്ന നിമിഷം; ലോക ചാമ്പ്യന്‍ സഞ്ജു സാംസണ്‍ എത്തിക്കഴിഞ്ഞു'; സഞ്ജുവിന്റെ വരവ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി സിഎസ്‌കെ; രാജസ്ഥാനിലെ 11ാം നമ്പര്‍ നിലനിര്‍ത്തി മലയാളി താരം; ഇനി പരിശീലനകാലം
ചെന്നൈ: ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേരാനായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയിലെത്തി. വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയ സഞ്ജുവിനെ വന്‍ ആവേശത്തോടെയാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്. സഞ്ജുവിന്റെ വരവ് സോഷ്യല്‍ മീഡിയയിലൂടെ സിഎസ്‌കെ ആഘോഷമാക്കി.'ചേട്ടന്‍ ഇന്‍ ചെന്നൈ' എന്ന ക്യാപ്ഷനോടെ സഞ്ജു എത്തുന്ന ചിത്രം പങ്കുവെച്ച സിഎസ്‌കെ, 'ഞങ്ങള്‍ കാത്തിരുന്ന നിമിഷം, ലോക ചാമ്പ്യന്‍ സഞ്ജു സാംസണ്‍ എത്തിക്കഴിഞ്ഞു' എന്നും കുറിച്ചു. സഞ്ജുവിന്റെ ചെന്നൈയിലെ 'ഓറ' വ്യക്തമാക്കുന്ന പ്രത്യേക വീഡിയോയും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.
ചെന്നൈയില്‍ വിമാനമിറങ്ങിയ ശേഷം സഞ്ജു പുറത്തേക്കു വരുന്നതിന്റെ വീഡിയോയാണ് സിഎസ്‌കെ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ പ്രഭാവലയം ചെന്നൈയിലും അനുഭവപ്പെടാന്‍ തുടങ്ങി എന്നായിരുന്നു വീഡിയോക്ക് അവര്‍ നല്‍കിയ ക്യാപ്ഷന്‍. ചെന്നൈ സൂപ്പര്‍ കിങ്സിനായി പുതിയ സീസണില്‍ ധരിക്കാന് പോവുന്ന ജഴ്സി നമ്പറും സഞ്ജു സാംസണ്‍ പുറത്തു വിട്ടിരിക്കുകയാണ്. 11ാം നമ്പര്‍ കുപ്പായത്തിലാവും അദ്ദേഹത്തെ സിഎസ്‌കെയില്‍ കാണാനാവുക. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ജഴ്സി നമ്പര്‍ ഒമ്പതാണ്. അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇതു തന്നെ സിഎസ്‌കെയും നല്‍കുമായിരുന്നു.
പക്ഷെ സഞ്ജു തിരഞ്ഞെടുത്തത് 11ാം നമ്പറായിരുന്നു. ഈ നമ്പറും അദ്ദേഹവും തമ്മില്‍ ഒരു ബന്ധം കൂടിയുണ്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ നേരത്തേയുള്ള നമ്പറാണിത്. ടീം മാറിയെങ്കിലും റോയല്‍സിനോടുള്ള കടപ്പാട് കാരണം അതേ നമ്പര്‍ തന്നെ അദ്ദേഹം ഇവെയും സ്വീകരിക്കുകയായിരുന്നു. സിഎസ്‌കെയിലെ 11ാം നമ്പര്‍ ജഴ്സി ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. കാരണം അവര്‍ ചിന്നത്തലയെന്നു വിശേഷിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്നയുടെയും ജഴ്സി നമ്പറാണിത്. കൂടാതെ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മിപതി ബാലാജിയും നേരത്തേ സിഎസ്‌കെയില്‍ ഈ നമ്പര്‍ ജഴ്സിയില്‍ കളിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മലയാളി സൂപ്പര്‍ താരം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലേക്കു മാറിയത്. കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളിലൊന്നിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. റോയല്‍സ് വിട്ട് സഞ്ജു ചെന്നൈയിലെത്തിയപ്പോള്‍ ഇവിടെ നിന്നും രവീന്ദ്ര ജഡേജയും സാം കറെനും മറുഭാഗത്തു കൂടുമാറുകയും ചെയ്തു. മാര്‍ച്ച് 28-ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്നെയാണ് ചെന്നൈയുടെ പോരാട്ടം.
സീസണില്‍ ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിന്റെ വരവ് സിഎസ്‌കെയുടെ ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കും. കൂടാതെ, 44-കാരനായ ധോണിക്ക് വിശ്രമം ആവശ്യമുള്ള ഘട്ടങ്ങളില്‍ വിക്കറ്റ് കീപ്പിംഗ് ചുമതലയും സഞ്ജു ഏറ്റെടുത്തേക്കും.
ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്
ബാറ്റേഴ്‌സ്: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍)
ഓള്‍റൗണ്ടര്‍മാര്‍: അന്‍ഷുല്‍ കംബോജ്, ജാമി ഒവേര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, അമന്‍ ഖാന്‍, സാക് ഫോക്സ്, ശിവം ദുബെ.
ബൗളര്‍മാര്‍:ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്നീത് സിംഗ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍ട്രി, രാഹുല്‍ ചാഹര്‍.
