അവസാന പന്തിലെ ജയത്തിന്റെ ആവേശത്തിൽ ലക്നൗ, ഒറ്റ റൺ വിജയത്തിന്റെ കരുത്തിൽ ഗുജറാത്ത്; ഹാട്രിക് ജയം തേടി റിഷഭും സംഘവും; മുന്നേറ്റം ലക്ഷ്യമിട്ട് ഗില്ലും ടൈറ്റൻസും; ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം

Update: 2026-04-12 07:41 GMT

ലക്നൗ: ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ലക്നൗവിലെ ഏകാന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവസാന പന്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ലക്നൗ ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഡൽഹി ക്യാപിറ്റൽസിനെ ഒറ്റ റണ്ണിന് വീഴ്ത്തിയ ഗുജറാത്തും ഒട്ടും പിന്നിലല്ല.

കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ ഒരു ഘട്ടത്തിൽ 104ന് 5 എന്ന നിലയിൽ പതറിയിരുന്നു. എന്നാൽ ഇംപാക്ട് പ്ലെയറായി ഇറങ്ങി 34 പന്തിൽ 54 റൺസ് അടിച്ചുകൂട്ടിയ ആയുഷ് ബദോനിയും, വെറും 27 പന്തിൽ 7 പടുകൂറ്റൻ സിക്സറുകളോടെ 54 റൺസ് വാരിക്കൂട്ടിയ മുകുൾ ചൗധരിയുമാണ് ലക്നൗവിന് ചരിത്രവിജയം സമ്മാനിച്ചത്. ബൗളിങ്ങിൽ പ്രിൻസ് യാദവ്, ദിഗ്‌വേഷ് രതി, ആവേശ് ഖാൻ, മണിമാരൻ സിദ്ധാർത്ഥ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും പ്രകടനം ശരാശരിയിലൊതുങ്ങി.

സീസണിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിൽ ഡൽഹിയെ ഒരു റണ്ണിന് പരാജയപ്പെടുത്തിയതിന്റെ കരുത്തിലാണ് ഗുജറാത്ത് വരുന്നത്. 210 റൺസ് ഗുജറാത്ത് ഉയർത്തിയപ്പോൾ ഡൽഹിക്ക് 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. 70 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും 55 റൺസുമായി വാഷിംഗ്ടൺ സുന്ദറും ബാറ്റിങ്ങിൽ തിളങ്ങി. നാലോവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ സ്പെല്ലാണ് ഗുജറാത്തിന് നിർണ്ണായകമായത്. ഹാട്രിക് ജയം ലക്ഷ്യമിടുന്ന ലക്നൗവും കുതിപ്പ് തുടരാൻ ഗുജറാത്തും ഇറങ്ങുമ്പോൾ ഏകാനയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.

ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ തുണയ്ക്കുന്ന സന്തുലിതമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പൊതുവേ സ്പിന്നർമാരെ തുണയ്ക്കുന്ന ഈ പിച്ചിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ ഏകദേശം 161 റൺസാണ്. ഇവിടെ വലിയ ഷോട്ടുകൾ കളിക്കുന്നത് ബാറ്റർമാർക്ക് വെല്ലുവിളിയാണെങ്കിലും, അടുത്തകാലത്തായി ബാറ്റിങ്ങിനും പിച്ച് അനുകൂലമാകുന്നുണ്ട്. കൂടാതെ പിച്ചിലെ പേസും ബൗൺസും ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്നു. ഐപിഎല്ലിൽ ഇതുവരെ 7 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ 4 മത്സരങ്ങളിൽ ഗുജറാത്തും 3 എണ്ണത്തിൽ ലക്നൗവും വിജയിച്ചു.

ലക്നൗ സൂപ്പർ ജയന്റ്സ്

മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബദോനി, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), അബ്ദുൽ സമദ്, ആവേശ് ഖാൻ, ഡി. സിങ്, പ്രിൻസ് യാദവ്, മുഹമ്മദ് ഷമി, മൊഹ്‌സിൻ ഖാൻ

ഗുജറാത്ത് ടൈറ്റൻസ്

സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, കാഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ.

Tags:    

Similar News