ഐപിഎല്ലിൽ അപൂർവ്വ സെഞ്ചുറി നേട്ടവുമായി മലയാളി താരം; രാഹുലിന്റെ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ
ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ചുറി പ്രകടനത്തോടെ ഐപിഎല്ലിൽ അപൂർവ്വമായ ഒരു ചരിത്രനേട്ടവും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 56 പന്തിൽ നിന്ന് പുറത്താവാതെ 115 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്.
മുൻപ് പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കായി സെഞ്ചുറി നേടിയ കെ.എൽ രാഹുലാണ് ഈ പട്ടികയിൽ ഒന്നാമൻ. ഡൽഹി ഡെയർഡെവിൾസിനും രാജസ്ഥാൻ റോയൽസിനും പിന്നാലെയാണ് ഇപ്പോൾ ചെന്നൈ ജേഴ്സിയിലും സഞ്ജു മൂന്നക്കം കടന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താനും സഞ്ജുവിന് കഴിഞ്ഞു.
മുരളി വിജയ് (127): 2010-ൽ രാജസ്ഥാനെതിരെ.
ഷെയ്ൻ വാട്സൺ (117):* 2018-ൽ ഹൈദരാബാദിനെതിരെ.
മൈക്കൽ ഹസ്സി (116):* 2008-ൽ പഞ്ചാബിനെതിരെ.
സഞ്ജു സാംസൺ (115):* 2026-ൽ ഡൽഹിക്കെതിരെ.
മത്സരശേഷം മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുമായി സംസാരിക്കവെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് സഞ്ജു വാചാലനായി. "രവി ഭായ് എനിക്ക് ഭാഗ്യം കൊണ്ടുവരുന്ന വ്യക്തിയാണ്" എന്ന് തമാശയായി പറഞ്ഞു തുടങ്ങിയ സഞ്ജു തന്റെ മാനസിക പോരാട്ടത്തെക്കുറിച്ചും വെളിപ്പെടുത്തി.
"മികച്ച ഫോമിലായിരിക്കുമ്പോഴും തുടർച്ചയായ ചില പരാജയങ്ങൾ മനസ്സിൽ വലിയ സംശയങ്ങൾ ഉണ്ടാക്കും. ബാറ്റിംഗ് പ്ലാൻ മാറ്റണമോ എന്ന് പോലും ചിന്തിച്ചിരുന്നു. എന്നാൽ എന്റെ അടിസ്ഥാന ശൈലിയിൽ വിശ്വസിക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഇന്നത്തെ പ്രകടനം തെളിയിക്കുന്നു." - സഞ്ജു സാംസൺ.