രോഹിത്തിനും കോലിക്കുമൊപ്പം ഇനി സഞ്ജുവും; 400 സിക്സറുകളുമായി ചരിത്രനേട്ടത്തിൽ മലയാളി താരം; ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ

Update: 2026-04-12 02:51 GMT

ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ 400 സിക്സറുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് സഞ്ജു ശനിയാഴ്ച എം.എ ചിദംബരം സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ചെന്നൈയ്ക്കായുള്ള തന്റെ ആദ്യ സെഞ്ചുറിയും ഐപിഎൽ കരിയറിലെ നാലാം സെഞ്ചുറിയും താരം ഇതേ മത്സരത്തിൽ കുറിച്ചു. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിൽ നിന്നുള്ള ട്രേഡിംഗിലൂടെയാണ് സഞ്ജു ചെന്നൈയിലെത്തിയത്. നാല് സിക്സറുകൾ പറത്തിയതോടെ സഞ്ജുവിന്റെ ആകെ സിക്സറുകളുടെ എണ്ണം 401 ആയി. രോഹിത് ശർമ (554), വിരാട് കോലി (440), സൂര്യകുമാർ യാദവ് (421) എന്നിവരാണ് ഈ പട്ടികയിലെ മറ്റു ഇന്ത്യക്കാർ.

സിക്സറുകളുടെ എണ്ണത്തിൽ നാലാമനാണെങ്കിലും, സിക്സർ അടിക്കുന്ന വേഗതയിൽ പട്ടികയിലെ പ്രമുഖരെക്കാൾ മുന്നിലാണ് സഞ്ജു. ഓരോ ഇന്നിംഗ്‌സിലും ശരാശരി 1.26 സിക്സറുകൾ വീതം സഞ്ജു പറത്തുന്നുണ്ട്. സൂര്യകുമാർ യാദവ് (1.25/ഇന്നിംഗ്‌സ്), രോഹിത് ശർമ (1.22/ഇന്നിംഗ്‌സ്), വിരാട് കോലി (1.10/ഇന്നിംഗ്‌സ്) എന്നിവരാണ് ഈ കണക്കിൽ സഞ്ജുവിന് പിന്നിലുള്ളത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിലെ പരാജയത്തിന് പിന്നാലെ ചെപ്പോക്കിൽ ആഞ്ഞടിച്ച സഞ്ജു, 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 11 ഫോറുകളും നാല് സിക്സറുകളും ഉൾപ്പെട്ട ഇന്നിംഗ്‌സിന്റെ സ്ട്രൈക്ക് റേറ്റ് 205.36 ആണ്. സഞ്ജുവിന്റെ മുൻപത്തെ സെഞ്ചുറികളിൽ രണ്ടെണ്ണം രാജസ്ഥാൻ റോയൽസിന് വേണ്ടിയും (2019, 2021) ഒന്ന് ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയുമായിരുന്നു (2017).

സഞ്ജുവും അർധസെഞ്ചുറി നേടിയ ആയുഷ് മ്ഹാത്രെയും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 113 റൺസ്, ഡൽഹിക്കെതിരെ ഐപിഎല്ലിൽ ചെന്നൈയുടെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് കൂട്ടുകെട്ടായി. 2023-ൽ കോൺവെയും ഗെയ്‌ക്‌വാദും ചേർന്ന് നേടിയ 141 റൺസാണ് ഒന്നാമത്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിട്ട സഞ്ജു പേസർമാർക്കെതിരെ കൂടുതൽ അക്രമകാരിയായിരുന്നു. പേസർമാർക്കെതിരെ 39 പന്തിൽ 215.4 സ്ട്രൈക്ക് റേറ്റിൽ 84 റൺസ് നേടിയ താരം, സ്പിന്നർമാർക്കെതിരെ 17 പന്തിൽ 182.3 സ്ട്രൈക്ക് റേറ്റിൽ 31 റൺസും അടിച്ചെടുത്തു.

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (18 പന്തിൽ 15) അല്പം പതറിയെങ്കിലും, സഞ്ജുവിനൊപ്പം ചേർന്നുള്ള 62 റൺസിന്റെ ഓപ്പണിംഗ് കൂട്ടുപിടിച്ച് ചെന്നൈ കുതിച്ചു. ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി പ്ലെയർ ഓഫ് ദി ടൂർണമെന്റ് പട്ടം നേടിയ അതേ ഫോമിലായിരുന്നു മലയാളി താരം. പിന്നീട് മ്ഹാത്രെയോടൊപ്പം (36 പന്തിൽ 59, മൂന്ന് ഫോർ, നാല് സിക്സർ) ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ശിവം ദുബെ (10 പന്തിൽ പുറത്താകാതെ 20) നടത്തിയ വെടിക്കെട്ട് കൂടിയായപ്പോൾ ചെന്നൈ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. ഡൽഹിക്കായി അക്സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News