പ്രസിദ്ധിന്റെ 'തീ' പന്തുകളില്‍ വിറച്ച് ലക്‌നൗ ബാറ്റര്‍മാര്‍; നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍; ഗുജറാത്ത് ടൈറ്റന്‍സിന് 165 റണ്‍സ് വിജയലക്ഷ്യം

Update: 2026-04-12 12:11 GMT

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജൈന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 165 റണ്‍സ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്‌നൗ 164 റണ്‍സ് നേടിയത്. ലക്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിള്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ലഖ്നൗ ബാറ്റര്‍മാരെ മടക്കി ഗുജറാത്ത് കളിയുടെ കടിഞ്ഞാണ്‍ ഒരു ഘട്ടത്തിലും കൈവിട്ടില്ല. പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ മികച്ച ബൗളിങാണ് ലഖ്‌നൗ സ്‌കോര്‍ 164 റണ്‍സില്‍ ഒതുക്കിയത്.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ലക്‌നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കാഗിസോ റബാഡയാണ് മാര്‍ഷിനെ ഡഗ്ഔട്ടിലേക്ക് മടക്കി അയച്ചത്. മാര്‍ഷ് അടിച്ച പന്ത് നേരെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളില്‍ ഭദ്രമാവുകയായിരുന്നു. പിന്നീട് അഞ്ച്, ഏഴ്, ഒന്‍പത്, പതിനഞ്ച്, പതിനേഴ്, പത്തൊന്‍പത്, ഇരുപത് എന്നി ഓവറുകളിലും എല്‍എസ്ജിയുടെ ബാറ്റര്‍മാരെ ഗുജറാത്ത് ബൗളര്‍മാര്‍ മടക്കി അയച്ചു. ലക്‌നൗ നിരയില്‍ ഐഡന്‍ മാര്‍ക്രമിന് മാത്രമാണ് തിളങ്ങാനായത്. ഒരു സിക്‌സറും, അഞ്ച് ബൗണ്ടറിയും അടക്കം 21 പന്തില്‍ 30 റണ്‍സായിരുന്നു താരം ടീമിനായി നേടിയത്.

മിച്ചല്‍ മാര്‍ഷ് (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത്, അബ്ദുല്‍ സമദ്, കഴിഞ്ഞ കളിയില്‍ ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച് താരമായ മുകുള്‍ ചൗധരി (മൂവരും 18 വീതം റണ്‍സ്), നിക്കോളാസ് പൂരാന്‍ (19), ജോര്‍ജ് ലിന്‍ഡ് (16), എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും വ്യക്തിഗത സ്‌കോര്‍ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ സാധിക്കാതെ മടങ്ങി. ഒന്‍പതാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷമി (പുറത്താകാതെ 4 പന്തില്‍ 12 റണ്‍സ്) ആണ് സ്‌കോര്‍ 160 കടത്തിയത്.

ബൗളിങ്ങില്‍ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് നാല് വിക്കറ്റുകള്‍ നേടിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പുറമെ അശോക് ശര്‍മ രണ്ട് വിക്കറ്റുകളും റബാഡ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാല്‍, ലക്‌നൗവിന്റെ അഫ്ഗാന്‍ താരം റഷീദ് ഖാന് വിക്കറ്റുകള്‍ഒന്നും തന്നെ നേടാനായില്ല.

Similar News