ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സെവാഗ്; താരത്തെ ഇനിയും ഇന്ത്യന്‍ ടീമില്‍നിന്നും മാറ്റിനിര്‍ത്തിയാല്‍ താന്‍ പ്രതിഷേധിക്കാനും പോരാടാനും ഇറങ്ങുമെന്ന് മനോജ് തിവാരി

Update: 2026-04-13 10:16 GMT

മുംബൈ: പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യരെ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സെലക്ടര്‍മാരുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും മനോജ് തിവാരിയും രംഗത്ത്. 2025 ഐപിഎല്‍ സീസണ്‍ മുതല്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ശ്രേയസിനെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ താന്‍ പ്രതിഷേധിക്കാനും പോരാടാനും ഇറങ്ങുമെന്നാണ് തിവാരി വ്യക്തമാക്കിയത്. ക്രിക്ബസിനോട് സംസാരിക്കവെയാണ് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകാതെ 69 റണ്‍സ് നേടി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിന്റെ പ്രകടനമാണ് തിവാരിയെ ഇത്തരം ഒരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്. ബാറ്റിംഗില്‍ വലിയ പക്വത കാണിക്കുന്ന ശ്രേയസിനെ ഇനിയും തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ തങ്ങള്‍ സമരത്തിന് വരെ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മ്മയും വിരാട് കോലിയും വിരമിച്ച ഒഴിവിലേക്ക് ടീമിനെ നിയന്ത്രിക്കാനും ഐസിസി ട്രോഫികള്‍ നേടിത്തരാനും കെല്‍പ്പുള്ള ഒരു താരം ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്നും, അതിന് ഏറ്റവും അനുയോജ്യന്‍ ശ്രേയസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗതം ഗംഭീറും സെലക്ടര്‍മാരും ഇക്കാര്യത്തില്‍ പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും സെലക്ടര്‍മാരുടെ തീരുമാനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ശ്രേയസിനെ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചുവെന്നാണ് സെവാഗ് വെളിപ്പെടുത്തിയത്. പഞ്ചാബ് കിംഗ്‌സിനായി തനിച്ച് മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവ് ശ്രേയസ് പലതവണ തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചതും സെവാഗ് ഓര്‍മ്മിപ്പിച്ചു. അടുത്ത ലോകകപ്പ് ടീമില്‍ ശ്രേയസിന് സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2025 ഐപിഎല്‍ മുതല്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ശ്രേയസ് അയ്യര്‍ കടന്നുപോകുന്നത്. പഞ്ചാബ് കിംഗ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുതല്‍ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഒരുപോലെ തിളങ്ങുന്നുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഈ സീസണിലും ടീമിന് തുടര്‍ച്ചയായ വിജയങ്ങള്‍ സമ്മാനിക്കാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ താരത്തെ ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് നീതീകരിക്കാനാവില്ലെന്ന വാദമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ശക്തമാകുന്നത്.

Similar News