അര്‍ധ സെഞ്ചുറികളുമായി ശുഭ്മാന്‍ ഗില്ലും ജോസ് ബട്‌ലറും; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്; 165 റണ്‍സ് വിജയലക്ഷ്യം മറികടന്നത് എട്ട് പന്തുകള്‍ ശേഷിക്കെ

Update: 2026-04-12 13:50 GMT

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ലക്‌നൗ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ശേഷിക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറും നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം സമ്മാനിച്ചത്.

ടീം സ്‌കോര്‍ 45ല്‍ നില്‍ക്കെ 15 റണ്‍സെടുത്ത ഓപ്പണര്‍ സായ് സുദര്‍ശനെ ഗുജറാത്തിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍-ബട്‌ലര്‍ സഖ്യം ലക്‌നൗ ബൗളര്‍മാരെ നിഷ്പ്രഭരാക്കി. 58 പന്തുകളില്‍ നിന്ന് 84 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. 40 പന്തില്‍ 56 റണ്‍സെടുത്ത ഗില്ലും 37 പന്തില്‍ 60 റണ്‍സെടുത്ത ബട്‌ലറും പുറത്താകുമ്പോഴേക്കും ഗുജറാത്ത് വിജയത്തിനടുത്തെത്തിയിരുന്നു. ബട്ലര്‍ 37 പന്തില്‍ 11 ഫോറുകള്‍ സഹിതമാണ് 60 റണ്‍സെടുത്തത്. 6 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. വാഷിങ്ടന്‍ സുന്ദര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 21 റണ്‍സ് നേടി പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ 10 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ലഖ്നൗ ബാറ്റര്‍മാരെ മടക്കി ഗുജറാത്ത് കളിയുടെ കടിഞ്ഞാണ്‍ ഒരു ഘട്ടത്തിലും കൈവിട്ടില്ല. ബാറ്റിങിനു ഇറങ്ങിയ ലഖ്നൗ നിരയില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. പിന്നീടെത്തിയവരില്‍ ഒരാള്‍ പോലും 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ലക്‌നൗവിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മിച്ചല്‍ മാര്‍ഷ് (11), ക്യാപ്റ്റന്‍ റിഷഭ് പന്ത് (18), അബ്ദുള്‍ സമദ് (18) തുടങ്ങി പ്രമുഖ ബാറ്റര്‍മാര്‍ക്കൊന്നും വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാത്തത് ലക്‌നൗവിന് തിരിച്ചടിയായി. മുകുള്‍ ചൗധരി (18), ജോര്‍ജ് ലിന്‍ഡേ (16) എന്നിവരും ചെറിയ സ്‌കോറുകളില്‍ ഒതുങ്ങി. വാലറ്റത്ത് മുഹമ്മദ് ഷമി (12*), ആവേശ് ഖാന്‍ (4*) എന്നിവര്‍ നടത്തിയ ചെറിയ പോരാട്ടമാണ് ടീം സ്‌കോര്‍ 160 കടത്തിയത്.

ഗുജറാത്തിന് വേണ്ടി ബൗളിംഗില്‍ പ്രസീദ്ധ് കൃഷ്ണ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. നാല് വിക്കറ്റുകള്‍ വീഴ്ത്തി ലക്‌നൗ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത് പ്രസീദ്ധാണ്. അശോക് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കൃത്യതയാര്‍ന്ന ബൗളിംഗും തകര്‍പ്പന്‍ ബാറ്റിംഗും ഒത്തുചേര്‍ന്നതോടെ ഗുജറാത്തിന് വിജയം അനായാസമായി.

Similar News