റോയൽസിനെ കുരുക്കി ഡഗൗട്ടിലെ ഫോൺ ഉപയോഗം; ഐപിഎൽ ചട്ടലംഘനത്തിൽ മാനേജർ റോമി ഭിന്ദറിന് ബിസിസിഐ നോട്ടീസ്; അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു
മുംബൈ: ഐപിഎല്ലിലെ അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിനെതിരെ ബിസിസിഐ അന്വേഷണം. കഴിഞ്ഞ വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് വിവാദമായത്. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം ഭിന്ദറിന് നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം.
മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം ഡഗൗട്ടിലിരുന്ന ഭിന്ദർ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഉൾപ്പെടെയുള്ളവർ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. "സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസിഎസ്‌യുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്," എന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമൽ വ്യക്തമാക്കി.
അതേസമയം, ഭിന്ദറിന്റെ ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലം ചികിത്സയിലായിരുന്നു. സാധാരണയായി ഫോൺ ഉപയോഗിക്കണമെങ്കിൽ ഡഗൗട്ടിൽനിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ ഈ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് പോകാതെ ഡഗൗട്ടിൽ ഇരുന്നുതന്നെ ഫോൺ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
നിലവിൽ മെഡിക്കൽ കാരണങ്ങളാൽ ഡഗൗട്ടിൽ ഫോൺ കൈവശം വെക്കാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടെങ്കിലും, അത് അവിടെയിരുന്ന് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രത്യേക ഇളവുകളൊന്നും അധികൃതർ നൽകിയിട്ടില്ല. ഭിന്ദർ ഫോൺ കോളുകൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ചട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണെന്നും ആരോഗ്യപരമായ സാഹചര്യം പരിഗണിച്ച് എസിഎസ്‌യു ഉദ്യോഗസ്ഥർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഭിന്ദർ നൽകുന്ന വിശദീകരണം ഐപിഎൽ നിയമലംഘന അന്വേഷണത്തിൽ നിർണ്ണായകമാകും.