'പട്ടിദാർ സ്പിന്നിനെതിരെ ഒരു മോൺസ്റ്റർ ഹിറ്റർ, ആ സമയത്ത് മയാങ്കിനെ പന്തേൽപ്പിച്ചത് തീരുമാനം ശരിയായില്ല'; ഹാർദിക്കിന്റേത് ശരാശരി ക്യാപ്റ്റൻസിയെന്ന് ആർ. അശ്വിൻ

Update: 2026-04-13 11:32 GMT

വാങ്കഡെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേടിയ വമ്പൻ വിജയത്തിന് പിന്നാലെ, മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ച് ആർ. അശ്വിൻ രംഗത്ത്. രജത് പാട്ടിദാറിനെതിരെ സ്പിന്നർ മയാങ്ക് മാർക്കണ്ഡെയെ പന്തേൽപ്പിക്കാനുള്ള ഹാർദിക്കിന്റെ തീരുമാനം "വളരെ ശരാശരി" എന്നാണ് അശ്വിൻ വിശേഷിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ വിശകലനം നടത്തിയത്.

രജത് പാട്ടിദാർ സ്പിന്നർമാർക്കെതിരെ എത്രത്തോളം അപകടകാരിയാണെന്ന് ഹാർദിക്കിന് അറിയില്ലായിരുന്നു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. 2024-ലെ ഒരു ഹൈദരാബാദ് ബംഗളുരു മത്സരത്തിൽ ഇതേ മാർക്കണ്ഡെയെ പാട്ടിദാർ തലങ്ങും വിലങ്ങും പ്രഹരിച്ചത് അശ്വിൻ ഓർമ്മിപ്പിച്ചു. അന്ന് ഒരോവറിൽ നാല് സിക്സറുകളാണ് പാട്ടിദാർ നേടിയത്. അന്ന് സംഭവിച്ച അതേ കാര്യങ്ങൾ ഞായറാഴ്ചത്തെ മത്സരത്തിലും ആവർത്തിച്ചുവെന്ന് അശ്വിൻ പറഞ്ഞു.

രജത് പാട്ടിദാർ ക്രീസിലെത്തിയ ഉടൻ തന്നെ മയാങ്ക് മാർക്കണ്ഡെയെ പന്തേൽപ്പിക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനം ഒട്ടും ബുദ്ധിപരമായ നീക്കമല്ലെന്ന് ആർ. അശ്വിൻ വിമർശിച്ചു. "രജത് പട്ടിദാർ സ്പിന്നിനെതിരെ ഒരു മോൺസ്റ്റർ ഹിറ്ററാണ്. അദ്ദേഹം വന്നയുടനെ നിങ്ങൾ മാർക്കണ്ഡെയെ പന്തേൽപ്പിച്ചു. ഇത് ഒട്ടും സ്മാർട്ട് ആയ നീക്കമല്ല. ഹൈദരാബാദിൽ തന്നെ തല്ലിച്ചതച്ച പട്ടിദാർ മുന്നിലുള്ളപ്പോൾ മാർക്കണ്ഡെയുടെ മനസ്സിൽ എന്തായിരിക്കും നടക്കുക എന്ന് ക്യാപ്റ്റൻ ചിന്തിക്കണമായിരുന്നു." - അശ്വിൻ വ്യക്തമാക്കി.

മത്സരത്തിൽ മാർക്കണ്ഡെയുടെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു; കേവലം രണ്ട് ഓവറിൽ 20.00 എക്കോണമിയിൽ 40 റൺസാണ് താരം വിട്ടുകൊടുത്തത്. മറ്റൊരു സ്പിന്നറായ മിച്ചൽ സാന്റ്നർ നാല് ഓവറിൽ 43 റൺസ് വഴങ്ങി. ഇതോടെ മുംബൈ നിരയിൽ ആകെ ആറ് ഓവർ എറിഞ്ഞ സ്പിന്നർമാർ മാത്രം 83 റൺസാണ് ബംഗളൂരു ബാറ്റർമാർക്ക് വിട്ടുനൽകിയത്. ഇതാണ് മത്സരഗതി മാറ്റിയതെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി, ഫിൽ സാൾട്ട് (78), വിരാട് കോലി (50), രജത് പാട്ടിദാർ (53) എന്നിവരുടെ കരുത്തിൽ 240 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ മുംബൈയ്ക്ക് 222 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 18 റൺസിനാണ് മുംബൈ തോൽവി വഴങ്ങിയത്. സ്പിന്നർമാർ വഴങ്ങിയ ഈ അധിക റൺസാണ് മത്സരത്തിൽ 210-നും 240-നും ഇടയിലുള്ള വ്യത്യാസമായി മാറിയതെന്ന് അശ്വിൻ കൂട്ടിച്ചേർത്തു.

Tags:    

Similar News