തോൽവിയറിയാത്ത റോയൽസ് ഇന്ന് സൺറൈസേഴ്സിനെതിരെ; രാജസ്ഥാന് കരുത്തായി 15-കാരൻ സൂര്യവംശിയുടെ വെടിക്കെട്ടും ബിഷ്ണോയിയുടെ സ്പിൻ ബൗളിംഗും; അഭിഷേകും ഹെഡും ക്ലാസനുമടങ്ങുന്ന ബാറ്റിങ് നിര ഹൈദരാബാദിന്റെ ആയുധം; 'പവർ' ഹിറ്റർമാരുടെ പോരാട്ടത്തിൽ ഉപ്പലിൽ റൺമഴ പെയ്യുമോ?
ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് കരുത്തരായ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം. ടൂർണമെന്റിലെ ഏറ്റവും മികച്ച ഫോമിലുള്ള രാജസ്ഥാനെതിരെ സ്വന്തം തട്ടകത്തിൽ വിജയിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. കൗമാര താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് തുടക്കവും, പവർപ്ലേ ഓവറുകളിൽ ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും നൽകുന്ന വിക്കറ്റുകളുമാണ് രാജസ്ഥാന്റെ കുതിപ്പിന് കരുത്താകുന്നത്.
സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. യുവതാരം റിയാൻ പരാഗ് നയിക്കുന്ന ടീം കളിച്ച നാല് മത്സരങ്ങളിലും ആധികാരിക ജയം നേടി എട്ട് പോയിന്റോടെ കരുത്ത് കാട്ടുന്നു. മറുവശത്ത്, സീസണിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഹൈദരാബാദിന് ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
15-കാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാൻ റോയൽസിന്റെ കുന്തമുന.നാല് ഇന്നിംഗ്സുകളിൽ നിന്ന് 266 സ്ട്രൈക്ക് റേറ്റിൽ 200 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശിയാണ് നിലവിൽ ഓറഞ്ച് ക്യാപ്പിന് ഉടമ. ബാറ്റിംഗിന് അനുകൂലമായ ഹൈദരാബാദിലെ വിക്കറ്റിൽ ഈ കൗമാരതാരം വീണ്ടും വെടിക്കെട്ട് തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പർപ്പിൾ ക്യാപ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള രവി ബിഷ്ണോയിയാണ് രാജസ്ഥാന്റെ പ്രധാന ബൗളിംഗ് ആയുധം. നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ ബിഷ്ണോയി, ഹൈദരാബാദിന്റെ ശക്തമായ ടോപ്പ് ഓർഡറിനെ പിടിച്ചുകെട്ടാൻ കെൽപ്പുള്ളവനാണ്.
മറുവശത്ത് ഹൈദരാബാദ് നിരയിൽ ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ് തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് ടീമിന്റെ പ്രതീക്ഷ. സ്ഥിരമായി 200-ന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടും അത് പ്രതിരോധിക്കാൻ പാടുപെടുന്ന ഹൈദരാബാദാണ് സീസണിൽ ഇതുവരെ കാണാൻ കഴിഞ്ഞത്. ഐപിഎൽ ചരിത്രത്തിൽ ഹൈദരാബാദിനാണ് നേരിയ മുൻതൂക്കം. ഇതുവരെ ഇരുടീമുകളും 21 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ ഹൈദരാബാദും ഒമ്പത് തവണ രാജസ്ഥാനും വിജയിച്ചു.
എന്നാൽ നിലവിലെ ഫോമിൽ രാജസ്ഥാൻ ഒരുപടി മുന്നിലാണ്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേതെങ്കിലും, ഈ സീസണിലെ ആദ്യ മത്സരത്തിൽ കുറഞ്ഞ സ്കോറാണ് പിറന്നത്. ലോകോത്തര ഹിറ്റർമാർ ഇരുനിരയിലുമുള്ളതിനാൽ ഇത്തവണ ഒരു റൺമല തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
സാധ്യതാ ടീം:
സൺറൈസേഴ്സ് ഹൈദരാബാദ്:
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, സലിൽ അറോറ, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, ഹർഷൽ പട്ടേൽ.
(ഇംപാക്ട് പ്ലെയർ: ജയദേവ് ഉനദ്കട്ട്)
രാജസ്ഥാൻ റോയൽസ്:
വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്‌മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ്മ.
(ഇംപാക്ട് പ്ലെയർ: സന്ദീപ് ശർമ്മ)
