വന്നവനും നിന്നവനും എല്ലാം അടിയോടടി; ചെണ്ടയായി മുംബൈ ബോളര്‍മാര്‍; അര്‍ധ സെഞ്ചുറികളുമായി ഫില്‍ സോള്‍ട്ടും വിരാട് കോലിയും രജത് പട്ടീദാറും; തുടര്‍ച്ചയായ നാലാം മത്സരത്തിലും റണ്‍മല ഉയര്‍ത്തി ആര്‍സിബി; മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 241 റണ്‍സ്

Update: 2026-04-12 16:33 GMT

മുംബൈ: ഐപിഎല്ലിലെ അതികായന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റണ്‍മല തീര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരും ഒരേപോലെ തകര്‍ത്താടിയതോടെ മുംബൈ ബൗളിംഗ് നിര നിഷ്പ്രഭമായി. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ആര്‍സിബി 200 കടന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് ആര്‍സിബിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ വെറും 65 പന്തുകളില്‍ നിന്ന് ഇവര്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 36 പന്തില്‍ ആറ് വീതം സിക്‌സറുകളും ഫോറുകളും സഹിതം 78 റണ്‍സെടുത്ത സാള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 38 പന്തില്‍ 50 റണ്‍സ് തികച്ച വിരാട് കോഹ്ലി സീസണിലെ തന്റെ സ്ഥിരതയാര്‍ന്ന ഫോം തുടര്‍ന്നു. ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുത്താണ് സാള്‍ട്ടിനെ മടക്കിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ നേരിട്ട ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ചു. വെറും 20 പന്തില്‍ അഞ്ച് സിക്‌സറുകളും ഒന്‍പത് ബൗണ്ടറികളും സഹിതം 53 റണ്‍സെടുത്ത നായകന്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കൂട്ടി. പവര്‍പ്ലേയില്‍ വിക്കറ്റ് പോകാതെ 71 റണ്‍സെടുത്ത ആര്‍സിബി, പത്താം ഓവറിന് മുന്‍പ് തന്നെ 100 കടന്നിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 15ാം ഓവറിലെ നാലാം പന്തില്‍, സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് വിരാട് കോലിയെ മടക്കി. 16.5 ഓവറുകളില്‍ സ്‌കോര്‍ 200 പിന്നിട്ടു. ഒരു ഭാഗത്ത് ടിം ഡേവിഡ് വമ്പനടികള്‍ ലക്ഷ്യമിട്ടപ്പോള്‍ ജിതേഷ് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 10 റണ്‍സ് മാത്രമെടുത്ത ജിതേഷ് ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബോള്‍ഡായി. ട്രെന്റ് ബോള്‍ട്ടിന്റെ അവസാന ഓവറിലെ ആറാം പന്ത് സിക്‌സര്‍ തൂക്കി ടിം ഡേവിഡ് സ്‌കോര്‍ 240ല്‍ എത്തിക്കുകയായിരുന്നു.

മുംബൈ ബൗളര്‍മാരില്‍ ആര്‍ക്കും ആര്‍സിബി വെടിക്കെട്ടിന് തടയിടാനായില്ല. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ 50 റണ്‍സ് വഴങ്ങിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍ 43 റണ്‍സ് വിട്ടുകൊടുത്തു. മയങ്ക് മാര്‍ക്കണ്ഡെ രണ്ടോവറില്‍ 40 റണ്‍സാണ് വഴങ്ങിയത്. ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, സാന്റ്‌നര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 15 സിക്‌സറുകളും 18 ബൗണ്ടറികളുമാണ് ആര്‍സിബി ഇന്നിംഗ്‌സില്‍ പിറന്നത്. വാങ്കഡെയിലെ ബാറ്റിംഗ് പിച്ചില്‍ 241 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടരുക എന്നത് മുംബൈയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും.

Similar News