കോലിയേയും രോഹിത്തിനെയുംപോലെ പകരക്കാരനില്ലാത്ത താരം; സഞ്ജുവിന് പകരം മറ്റൊരു താരത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല'; രാജസ്ഥാന്‍ വിട്ട് ചെന്നൈയില്‍ എത്തിയ മുന്‍ നായകനെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ റിയാന്‍ പരാഗ്
ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സില്‍ മുന്‍ നായകന്‍ സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ച് മനസ്സുതുറന്ന് പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും എങ്ങനെയാണോ പകരക്കാരില്ലാത്തത്, അതേപോലെയാണ് രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു സാംസണുമെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലിന് മുന്നോടിയായി ജയ്പുരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പരാഗ് മനസ് തുറന്നത്.
സഞ്ജുവിന് പകരം മറ്റൊരു താരത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ കളിക്കാന്‍ സമാനമായ ശൈലിയുള്ള മറ്റൊരാളെ കണ്ടെത്താമെന്നല്ലാതെ സഞ്ജുവിന് പകരക്കാരന്‍ സഞ്ജു മാത്രമാണെന്നും പരാഗ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ അഞ്ചുവര്‍ഷം ടീമിനെ നയിച്ച സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൈമാറിയാണ് രാജസ്ഥാന്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ചത്. എന്നാല്‍ രാജസ്ഥാനിലെ തന്റെ കാലം കഴിഞ്ഞുവെന്ന് തോന്നിയതിനാലാണ് ടീം വിടാന്‍ തീരുമാനിച്ചതെന്ന് സഞ്ജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സഞ്ജുവിന് പകരമായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റിയാന്‍ പരാഗ്, വരാനിരിക്കുന്ന സീസണിലെ ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ സീസണുകളില്‍ കൈവിട്ടുപോയ മത്സരങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യുന്നതിലും മികച്ച പ്ലാനിംഗിലുമാണ് ടീം ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പരാഗ് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 30-ന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ്. എതിരാളികള്‍ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ്. ഏപ്രില്‍ 4 ന് ഗുജറാത്ത് ടൈറ്റന്‍സ് (അഹമ്മദാബാദ്), ഏപ്രില്‍ 7 മുംബൈ ഇന്ത്യന്‍സ് (ഗുവാഹത്തി), ഏപ്രില്‍ 9: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ഗുവാഹത്തി) എന്നീ ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്റെ തുടര്‍ന്നുള്ള മത്സരങ്ങള്‍.
രണ്ട് ഘട്ടങ്ങളിലായി 11 വര്‍ഷം രാജസ്ഥാന്‍ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച സഞ്ജു സാംസണ്‍ ടീമിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും വിജയിച്ച നായകനുമാണ്. 2022-ല്‍ ടീമിനെ ഫൈനലിലേക്കും 2024-ല്‍ പ്ലേഓഫിലേക്കും നയിച്ചത് അദ്ദേഹമായിരുന്നു. 2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം, മൂന്ന് തുടര്‍ച്ചയായ മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്തി 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
