ഉണ്ണാന്‍ അന്നമില്ല, വണ്ടി ഓടിക്കാന്‍ എണ്ണയുമില്ല; ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് ക്രിക്കറ്റ് മാമാങ്കം! പിസിബിയെ വിറപ്പിച്ച് താലിബാന്റെ ഭീഷണി; വിദേശ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ പിഎസ്എല്‍ വന്‍ പ്രതിസന്ധിയില്‍
ഇസ്ലാമാബാദ്: സുരക്ഷാ ഭീഷണികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇന്ധനക്ഷാമവും കരിനിഴല്‍ വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (PSL) പതിനൊന്നാം പതിപ്പ് അനിശ്ചിതത്വത്തില്‍. മാര്‍ച്ച് 26-ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന് നേരെ സായുധ സംഘടനയായ തെഹ്രീകെ താലിബാന്‍ (TTP) പരസ്യമായി രംഗത്തെത്തിയതോടെ വിദേശ താരങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. വിദേശ താരങ്ങള്‍ ഉടനടി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറണമെന്നും അവരുടെ സുരക്ഷയ്ക്ക് ഗ്യാരണ്ടി നല്‍കാനാവില്ലെന്നുമാണ് താലിബാന്‍ വക്താവ് ആസാദ് മന്‍സൂര്‍ നല്‍കിയ മുന്നറിയിപ്പ്. പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, താരങ്ങള്‍ക്കിടയില്‍ ഇത് മാനസികമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് സംഘടനയുടെ വാദം. താലിബാന്റെ വിഭാഗമായ ജമാഅത്തുല്‍ അഹ്‌റാര്‍ കമാന്‍ഡര്‍ 'ദ് സണ്‍ഡേ ഗാര്‍ഡിയനോട്' നടത്തിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു. തങ്ങള്‍ ക്രിക്കറ്റിന് വിരുദ്ധമല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും, താരങ്ങള്‍ മൈതാനത്തിറങ്ങില്ലെന്ന് ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നുമാണ് ഇവരുടെ ഭീഷണി. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ തുടങ്ങിയ പ്രമുഖര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിരിക്കെയാണ് ഈ നീക്കം.
സുരക്ഷാ പ്രശ്‌നങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കുന്ന ഇന്ധനക്ഷാമവും ടൂര്‍ണമെന്റിന്റെ നിറംകെടുത്തുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണ വിതരണം തടസ്സപ്പെട്ടതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധനം ലാഭിക്കുന്നതിന്റെ ഭാഗമായി കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (PCB) തീരുമാനം. ആറ് നഗരങ്ങളിലായി നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഇപ്പോള്‍ കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലേക്ക് മാത്രമായി ചുരുക്കി. ലാഹോറില്‍ നടത്താനിരുന്ന ആഡംബരപൂര്‍ണ്ണമായ ഉദ്ഘാടന ചടങ്ങും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന വലിയ നഷ്ടം ഫ്രാഞ്ചൈസികള്‍ക്ക് പിസിബി തന്നെ നല്‍കേണ്ടി വരും. ടിക്കറ്റ് എടുത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കും.
ഈ വര്‍ഷത്തെ പിഎസ്എലില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആദം സാംപ ഇംഗ്ലണ്ടിന്റെ മൊയീന്‍ അലിയും ന്യൂസിലന്‍ഡിന്റെ ഡെവണ്‍ കോണ്‍വേയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പിസിബി ഇതിനകം തന്നെ കര്‍ശനമായ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യം പിസിബി എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. എട്ടു ടീമുകള്‍ മത്സരിക്കുന്ന ലീഗ് 26നാണ് തുടങ്ങുന്നത്.
പിഎസ്ലിന്റെ സുരക്ഷയില്‍ ആശങ്ക ഉടലെടുത്തതോടെ ലീഗില്‍ ബംഗ്ലദേശിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കും മുന്‍ഗണന നല്‍കുന്നതെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള (ബിസിബി) അവലോകന യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ബംഗ്ലദേശ് യുവജന കായിക സഹമന്ത്രി അമിനുല്‍ ഹഖ് പറഞ്ഞു.
''ആദ്യം, ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ബിസിബി ഞങ്ങളെ അറിയിക്കണം, അതിനുശേഷം ദേശീയ ഏജന്‍സികളുടെ സൂക്ഷ്മപരിശോധനയെത്തുടര്‍ന്നുള്ള ഞങ്ങളുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും. ക്രിക്കറ്റ് താരങ്ങള്‍ അവിടെ പോകുന്നതില്‍ കുഴപ്പമില്ലെന്ന് ബിസിബി ഉറപ്പുനല്‍കിയാല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. കളിക്കാര്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ബിസിബി പരിഗണിക്കണം, കാരണം കായിക വിനോദങ്ങളെ നിത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷയെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും ബിസിബി ഞങ്ങളോട് ആലോചിക്കണം, എല്ലാം ശരിയാണെന്ന് അവര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം.'' മന്ത്രി പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അവകാശപ്പെടുന്നുണ്ടെങ്കിലും, മൈതാനത്തിന് പുറത്തെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ താരങ്ങളെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. വരും ദിവസങ്ങളില്‍ വിദേശ താരങ്ങളുടെ നിലപാട് ടൂര്‍ണമെന്റിന്റെ ഭാവിയെ നിര്‍ണ്ണയിക്കും.
