മത്സരങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനിലേക്ക് പോകും; ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വേണം; മത്സരത്തിന് ഒരു ദിവസം മുന്‍പ് മാത്രമേ മടങ്ങിയെത്തു; ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ വമ്പന്‍ 'ഡിമാന്‍ഡുകള്‍'; ആരോപണത്തില്‍ പ്രതികരിച്ച് വിരാട് കോലി

Update: 2026-03-22 13:15 GMT

ബെംഗളൂരു: ഐപിഎല്‍ മത്സരത്തിന്റെ ഇടവേളകളില്‍ ലണ്ടനിലേക്ക് പറക്കാന്‍ തനിക്ക് ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ വേണമെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് വിരാട് കോഹ്ലി ആവശ്യപ്പെതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ കോഹ്ലി തന്നെ ഇപ്പോള്‍ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഒരുക്കാന്‍ ആര്‍സിബി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ ഈ വാര്‍ത്തയ്ക്ക് ഒപ്പം ചേര്‍ത്തായിരുന്നു കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അടിസ്ഥാനരഹിതമായ ഇത്തരം കിംവദന്തികളെ തമാശരൂപേണ നേരിട്ട കോലിയുടെ പ്രതികരണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുന്ന കോലി, മത്സരങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനിലേക്ക് പോകുമെന്നും ഇതിനായി ആര്‍സിബി മാനേജ്മെന്റ് പ്രത്യേക വിമാനസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടതായായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ചിരിക്കുന്ന ഇമോജികള്‍ ഇട്ടതിലൂടെ, ഇതില്‍ ഒട്ടും വാസ്തവമില്ലെന്ന് താരം ആരാധകരെ ബോധ്യപ്പെടുത്തി. നിലവില്‍ ബെംഗളൂരുവില്‍ ടീമിനൊപ്പം കഠിനമായ പരിശീലനത്തിലാണ് കോലി.

കഴിഞ്ഞ കുറച്ചു കാലമായി വിരാട് കോലി, ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. സ്വകാര്യതയ്ക്കും സമാധാനപരമായ ജീവിതത്തിനുമായാണ് താരം ലണ്ടനിലേക്ക് താമസം മാറ്റിയതെന്നാണ് വിവരം. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കിയോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ക്രിക്കറ്റ് തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ താരം ലണ്ടനിലാണ് ഉണ്ടാകാറുള്ളത്. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്ക് മടങ്ങിയ കോലി, ഐപിഎല്‍ 2026ന് മുന്നോടിയായി മാര്‍ച്ച് 18നാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോകകപ്പ് കാണാന്‍ കോലി എത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ഐപിഎല്‍ 19ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. നിലവിലെ ചാംപ്യന്‍മാരായാണ് ആര്‍സിബി പുതിയ സീസണിനു തയാറെടുക്കുന്നത്. 2008ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് വിരാട് കോലി. 267 മത്സരങ്ങളില്‍നിന്ന് എട്ട് സെഞ്ചറികളും 63 ഫിഫ്റ്റികളും ഉള്‍പ്പെടെ 8661 റണ്‍സ് സമ്പാദ്യമായുള്ള വിരാട്, ഐപിഎല്‍ ചരിത്രത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമാകാനാണ് ഈ സീസണില്‍ ലക്ഷ്യമിടുന്നത്.

ഐപിഎലിലും ഇപ്പോള്‍ നിലവിലില്ലാത്ത ചാംപ്യന്‍സ് ലീഗ് ട്വന്റി20യിലുമായി ആര്‍സിബിക്കായി 282 മത്സരങ്ങളില്‍നിന്ന് 9085 റണ്‍സ് നേടിയ വിരാട്, ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഐപിഎല്‍ ടീമിനായി മാത്രം 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമാകാനും സുവര്‍ണാവസരമുണ്ട്. ഒന്‍പത് സെഞ്ചറികളും 105 ഫിഫ്റ്റികളും ഉള്‍പ്പെടെ 414 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 13,543 റണ്‍സ് നേടിയിട്ടുള്ള വിരാട്, ട്വന്റി20 ക്രിക്കറ്റിലെ 14,000 റണ്‍സ് ക്ലബ്ബിലെ അഞ്ചാം അംഗമാകാനും ലക്ഷ്യമിടുന്നു.

വെസ്റ്റിഇന്‍ഡീസ് ഇതിഹാസങ്ങളായ ക്രിസ് ഗെയ്ല്‍ (14,562 റണ്‍സ്), കീറോണ്‍ പൊള്ളാര്‍ഡ് (14,482 റണ്‍സ്), ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സ് (14,449 റണ്‍സ്), ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ (14,028 റണ്‍സ്) എന്നിവരാണ് നിലവില്‍ ഈ പട്ടികയിലുള്ളത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 15 ഇന്നിങ്‌സുകളില്‍നിന്ന് 8 അര്‍ധസെഞ്ചറിയടക്കം 657 റണ്‍സ് നേടിയ വിരാട്, ടൂര്‍ണമെന്റിലെ റണ്‍സ് വേട്ടക്കാരില്‍ മൂന്നാമനായിരുന്നു.

Similar News