'വീട്ടില്‍ രണ്ട് 'ചിക്‌സ്' ഉണ്ട്'; ബ്രാവോയുടെ രഹസ്യം പറച്ചില്‍ പരസ്യമായി; 'മൈക്കുകള്‍ ഓണായിരിക്കുകയാണ്, സൂക്ഷിച്ച് സംസാരിക്കണം' എന്ന് രഹാനെ; വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ആരാധകര്‍

Update: 2026-03-21 10:49 GMT

കൊല്‍ക്കത്ത: ഐ.പി.എല്‍. 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വാര്‍ത്താ സമ്മേളനത്തിനിടെയുണ്ടായ വിവാദ പരാമര്‍ശത്തില്‍ കുരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളിങ് പരിശീലകന്‍ ഡ്വെയ്ന്‍ ബ്രാവോ. സഹപ്രവര്‍ത്തകരോട് 'രഹസ്യം' പങ്കുവെക്കുന്നതിനിടെ മൈക്ക് ഓണാണെന്ന കാര്യം മറന്നതാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരത്തിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്കൊപ്പം വാര്‍ത്താ സമ്മേളന വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. തന്റെ വീട്ടില്‍ രണ്ട് 'ചിക്‌സ്' (chicks) ഉണ്ടെന്ന് ബ്രാവോ രഹസ്യമായി പറഞ്ഞത് മൈക്കിലൂടെ പുറത്തുവരികയായിരുന്നു. ഉടന്‍ തന്നെ ഇടപെട്ട രഹാനെ, മൈക്കുകള്‍ ഓണാണെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ബ്രാവോയ്ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അപ്പോഴേക്കും ബ്രാവോയുടെ വാക്കുകള്‍ തത്സമയം പുറത്തായിക്കഴിഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ബ്രാവോയ്‌ക്കെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

വീട്ടില്‍ രണ്ട് 'ചിക്‌സ്' ഉണ്ടെന്നായിരുന്നു ബ്രാവോയുടെ വാക്കുകള്‍. ഇതു കേട്ട ഉടനെ തന്നെ അജിന്‍ക്യ രഹാനെ വിഷയത്തില്‍ ഇടപെട്ടു. ''മൈക്കുകള്‍ ഓണായിരിക്കുകയാണ്. സൂക്ഷിച്ച് സംസാരിക്കണം.'' എന്നായിരുന്നു രഹാനെയുടെ മുന്നറിയിപ്പ്. ബ്രാവോയുടെ വാക്കുകളും രഹാനെയുടെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ബ്രാവോയ്‌ക്കെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്.

സീസണ്‍ ആരംഭിക്കും മുന്‍പ് തന്നെ ബോളിങ് തലവേദനയില്‍ വലയുകയാണ് കൊല്‍ക്കത്ത. അതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ബ്രാവോയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ പരുക്കു കാരണം ടീമില്‍നിന്ന് പുറത്തായി. വലിയ പ്രതീക്ഷകളോടെ വാങ്ങിയ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന പരുക്കിന്റെ പിടിയിലാണ്. താരം എന്നു മുതല്‍ ടീമിനൊപ്പം ചേരുമെന്നു വ്യക്തമായിട്ടില്ല.

സുനില്‍ നരെയ്‌നിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ബോളിങ് മികവിലാണ് പ്രതീക്ഷ വയ്ക്കുന്നതെന്ന് ബ്രാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''ഐപിഎലിലെ തന്നെ മികച്ച സ്പിന്‍ സഖ്യം കൊല്‍ക്കത്തയ്ക്കാണുള്ളത്. ബോളിങ്ങിന്റെ കാര്യം നോക്കിയാല്‍ അതില്‍ കുഴപ്പമൊന്നും തോന്നുന്നില്ല. പേസര്‍മാരില്‍ ഉമ്രാന്‍ മാലിക്കും കാര്‍ത്തിക് ത്യാഗിയും ടീമിനൊപ്പമുണ്ട്. ഈ താരങ്ങള്‍ ഐപിഎല്‍ കളിച്ചവരാണ്. അതുകൊണ്ടു തന്നെ ഈ ബോളിങ് നിരയില്‍ എനിക്കു തൃപ്തിയുണ്ട്. ചില താരങ്ങള്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നതു സത്യമാണ്. എന്നാല്‍ ഉള്ളവരെ വച്ച് നന്നായി കളിക്കാന്‍ സാധിക്കുമെന്നാണു വിശ്വാസം.'' ബ്രാവോ വ്യക്തമാക്കി.

വിവാദങ്ങളും പരുക്ക് ഭീഷണികളും വലയ്ക്കുന്ന കൊല്‍ക്കത്തയുടെ ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 29-നാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് കൊല്‍ക്കത്ത നേരിടുന്നത്. സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പുണ്ടായ ഈ അനാവശ്യ വിവാദങ്ങള്‍ ടീമിന്റെ മനോവീര്യത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Tags:    

Similar News