12 കോടി രൂപയുടെ ഫെരാരിയിലും ഹനുമാൻ ചാലിസ; പോസിറ്റീവ് എനർജിക്ക് ഇതിലും മികച്ചതില്ലെന്ന് ഹാർദിക് പാണ്ഡ്യ; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ഓൾ റൗണ്ടർ
മുംബൈ: 12 കോടി രൂപ വിലമതിക്കുന്ന ഫെരാരി സൂപ്പർകാർ സ്വന്തമാക്കി വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെ, കൗതുകകരമായ മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാനൊരുങ്ങുന്ന 32-കാരനായ താരം, തന്റെ ആഡംബര കാറായ ഫെരാരിയിലും ഭക്തിഗാനമായ 'ഹനുമാൻ ചാലിസ'യാണ് കേൾക്കാറുള്ളതെന്ന് പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു പാണ്ഡ്യയുടെ ഈ തുറന്നുപറച്ചിൽ. ഹനുമാൻ ചാലിസ കേൾക്കുന്നത് തനിക്ക് വലിയ തോതിൽ "പോസിറ്റീവ് എനർജി" നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താരത്തിന്റെ ഈ വാക്കുകൾ വലിയ ആവേശത്തോടെയും കരഘോഷത്തോടെയുമാണ് സദസ്സ് സ്വീകരിച്ചത്. "എന്റെ പക്കൽ ഇപ്പോൾ ഒരു ഫെരാരി ഉണ്ടെന്നത് വലിയ കാര്യമാണ്, എങ്കിലും ആ കാറിനുള്ളിലിരുന്നും ഞാൻ ഹനുമാൻ ചാലിസ കേൾക്കാറുണ്ട്. അത് വളരെ മനോഹരമായ ഒന്നാണ്, ദൈവം എന്നോട് കരുണ കാണിച്ചിരിക്കുന്നു," മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കെയ്‌റോൺ പൊള്ളാർഡ് പങ്കെടുത്ത ചടങ്ങിൽ പാണ്ഡ്യ പറഞ്ഞു. "ഹനുമാൻ ചാലിസ നൽകുന്ന അത്രയും പോസിറ്റീവ് എനർജി മറ്റൊരു ഗാനത്തിനും നൽകാൻ കഴിയില്ലെന്ന കാര്യത്തിൽ എല്ലാവരും എന്നോട് യോജിക്കുമെന്ന് ഞാൻ കരുതുന്നു. എനിക്ക് ആ കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ട്," പാണ്ഡ്യ കൂട്ടിച്ചേർത്തു.
2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് പിന്നാലെ, തന്റെ പുത്തൻ ആഡംബര കാറായ ഫെരാരി 12 സിലിണ്ട്രിയിൽ യാത്ര നടത്തുന്ന ഹാർദിക് പാണ്ഡ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കാമുകി മഹിയേക ശർമയ്‌ക്കൊപ്പമാണ് പാണ്ഡ്യ കാറിലുണ്ടായിരുന്നത്.
Hardik Pandya said : "I have a Ferrari right now, but even in that I listen to the Hanuman Chalisa. Everyone would agree that no other song can give you the kind of positive energy that the Hanuman Chalisa does." pic.twitter.com/cF1forQkqs
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 23, 2026
ഞായറാഴ്ച നടന്ന ഒരു ചടങ്ങിൽ തന്റെ കരിയറിനെക്കുറിച്ചും താരം മനസ്സ് തുറന്നു.എനിക്ക് ഒരു കാര്യം മാത്രമേ അറിയാമായിരുന്നുള്ളൂ. മറ്റുള്ളവർ 12 റൗണ്ട് ഓടാൻ പറഞ്ഞാൽ ഞാൻ 15 റൗണ്ട് ഓടുമായിരുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് ആരോ എന്നെ ശ്രദ്ധിക്കുന്നതും ഒരു വർഷത്തിന് ശേഷം ഞാൻ രഞ്ജി ട്രോഫി കളിക്കുന്നതും," മുംബൈ ഇന്ത്യൻസിന്റെ പ്രൊമോഷണൽ ചടങ്ങിൽ വെച്ച് 32-കാരനായ താരം പറഞ്ഞു. ഐപിഎൽ 2026-ൽ തുടർച്ചയായ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. മാർച്ച് 29-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (KKR) എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
