'ലോകകപ്പ് നേടിയ സാഹചര്യത്തില്‍ നിലവില്‍ മുംബൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം'; ഹാര്‍ദിക് അല്ല, മുംബൈയെ നയിക്കേണ്ടണ്ടത് സൂര്യകുമാര്‍ യാദവെന്ന് ആര്‍ അശ്വിന്‍; 'ഞാന്‍ മാറിനില്‍ക്കാം, സൂര്യ നയിക്കട്ടെ' എന്ന് ഹാര്‍ദിക് പറയണമെന്ന് കെ ശ്രീകാന്ത്
മുംബൈ: ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സിന്റെ നായകനാക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തിന് പിന്നാലെ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിനും. ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തില്‍' അശ്വിന്‍ ഹാര്‍ദിക്കിനെ നായക്കനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സ് നായകനാക്കാത്തത് ആശങ്കാജനകമാണെന്നും അശ്വിന്‍ പറഞ്ഞു. ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും ഹാര്‍ദിക്കിന് പകരം സൂര്യകുമാറിനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സൂര്യകുമാര്‍ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നല്‍കുക തന്നെ വേണം. നിലവില്‍ അത് സംഭവിക്കാത്തത് വലിയ പോരായ്മയാണെന്നും അശ്വിന്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് സൂര്യകുമാര്‍ എന്നതും അശ്വിന്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ ക്യാപ്റ്റന്‍സി റോളുകളൊന്നുമില്ലാത്ത ഹാര്‍ദിക് പാണ്ഡ്യ മുംബൈയെ നയിക്കുന്നത് ടീമിനുള്ളില്‍ വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാമെന്നും അശ്വിന്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച് കിരീടം നേടിക്കൊടുത്ത ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവിനെ അശ്വിന്‍ പ്രശംസിച്ചെങ്കിലും, മുംബൈയിലെ അദ്ദേഹത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് വ്യക്തമാക്കി:
മുംബൈ ഇന്ത്യന്‍സിലെ ഹാര്‍ദിക്കിന്റെ ആദ്യ വര്‍ഷം രോഹിത് ശര്‍മ്മയെ മാറ്റിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ടീമിലുള്ളപ്പോള്‍ ഹാര്‍ദിക് ക്യാപ്റ്റനായിരിക്കുന്നത് അദ്ദേഹത്തിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു. പുറമേ നിന്നുള്ള സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഹാര്‍ദിക്കിന് മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ സാധിക്കൂ എന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞുകൊടുക്കണമെന്നും പകരം ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത് ആവശ്യപ്പെട്ടത്. 'ഇതൊരു വിചിത്രമായ സാഹചര്യമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹാര്‍ദിക് തന്നെ മുന്നോട്ടുവന്ന് 'ഞാന്‍ മാറിനില്‍ക്കാം, സൂര്യ നയിക്കട്ടെ' എന്ന് പറയണം' ശ്രീകാന്ത് പറഞ്ഞു.
ടീം മാനേജ്‌മെന്റും ഉടമകളും രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരുമായി ചര്‍ച്ച നടത്തി ഈ വര്‍ഷം സൂര്യകുമാറിനെ ക്യാപ്റ്റനാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ, രോഹിത്തിന് പകരമാണ് നായകസ്ഥാനം ഏറ്റെടുത്തത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ഹാര്‍ദിക്കിനെതിരെ കാണികള്‍ കൂവുന്ന സാഹചര്യവും ഉണ്ടായി.
ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ പോരാട്ടം മാര്‍ച്ച് 29, ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക്, ഹാര്‍ദിക്കിന് കീഴില്‍ വീണ്ടുമൊരു കിരീടം നേടാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2024-ല്‍ പത്താം സ്ഥാനത്തായിരുന്ന ടീം, കഴിഞ്ഞ വര്‍ഷം പ്ലേ ഓഫില്‍ എത്തിയെങ്കിലും എലിമിനേറ്ററില്‍ പുറത്തായിരുന്നു. ഇത്തവണ മിന്നും പ്രകടനം നടത്തി ആറാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.
