ഐപിഎല്ലിൽ റെക്കോർഡ് വിൽപന; 16,700 കോടി രൂപയ്ക്ക് ആർസിബിയെ ബിർള ഗ്രൂപ്പ് സ്വന്തമാക്കി; രാജസ്ഥാൻ റോയൽസിന്റെ റെക്കോർഡ് തകർന്നു; ആര്യമൻ വിക്രം ബിർള പുതിയ ചെയർമാൻ

Update: 2026-03-25 06:12 GMT

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം. ഏകദേശം 16,700 കോടി രൂപയ്ക്കാണ് (1.78 ബില്യൺ ഡോളർ) ഇന്ത്യൻ ശതകോടീശ്വരൻ കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള സംഘം ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി.

ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, അമേരിക്കൻ നിക്ഷേപകൻ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവരടങ്ങിയ കരുത്തുറ്റ സഖ്യമാണ് ലേലത്തിൽ വിജയിച്ചത്. അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 15,300 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതിന്റെ റെക്കോർഡാണ് തൊട്ടടുത്ത ദിവസം തന്നെ ആർസിബി തിരുത്തിക്കുറിച്ചത്. പുരുഷ, വനിതാ ടീമുകൾ ഉൾപ്പെടുന്നതാണ് ഈ വമ്പൻ കരാർ.

ടീമിനെ ഏറ്റെടുത്തതോടെ ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടറും മുൻ ക്രിക്കറ്റ് താരവുമായ ആര്യമൻ വിക്രം ബിർള ആർസിബിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സത്യൻ ഗജ്‌വാനി ആണ് വൈസ് ചെയർമാൻ. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ കൈവശമിരുന്ന ടീമിനായി രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള സംഘം, പ്രേംജി ഇൻവെസ്റ്റ് തുടങ്ങിയ വമ്പൻമാരും രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഐപിഎൽ ലോകകായിക ഭൂപടത്തിലെ വൻശക്തിയായി വളർന്നുവെന്ന് കുമാർ മംഗലം ബിർള പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകപിന്തുണയുള്ള ടീമുകളിലൊന്നായ ആർസിബിയുടെ പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സീസണിൽ കന്നിക്കിരീടം ചൂടിയ ആർസിബി നിലവിലെ ചാമ്പ്യൻമാരാണ്.

Tags:    

Similar News