സഞ്ജുവിന്റെ പഴയ ടീമംഗം; 22-ാം വയസ്സിൽ ക്രിക്കറ്റ് ഉപേക്ഷിച്ചു, മടങ്ങിവരവ് ഐപിഎൽ ടീം ഉടമയായി; റെക്കോർഡ് തുകയ്ക്ക് ആർസിബിയെ തൂക്കി ബിർള ഗ്രൂപ്പ്; ആരാണ് ആർസിബിയുടെ പുതിയ ബോസ്?; ആര്യമൻ ബിർളയുടെ കരിയറും ജീവിതവും

Update: 2026-03-25 07:39 GMT

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കിയതിന് പിന്നാലെ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് ഒരു 28-കാരന്റെ പേരാണ്, ആര്യമൻ വിക്രം ബിർള. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ആര്യമൻ ആർസിബിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റു. വെറുമൊരു വ്യവസായി എന്നതിലുപരി മികച്ചൊരു ക്രിക്കറ്റർ കൂടിയായ ആര്യമൻ ടീമിന്റെ തലപ്പത്തെത്തുന്നത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഏകദേശം 16,700 കോടി രൂപയ്ക്കാണ് (1.78 ബില്യൺ ഡോളർ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, അമേരിക്കൻ നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം യുണൈറ്റഡ് സ്പിരിറ്റ്‌സിൽ നിന്ന് ആർസിബിയെ ഏറ്റെടുത്തത്. നവംബർ 2017-ൽ ഒഡീഷയ്‌ക്കെതിരെ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നതിന് മുമ്പ് തന്നെ മധ്യപ്രദേശിന്റെ ജൂനിയർ ക്രിക്കറ്റിൽ ആര്യമാൻ ബിർള മികവ് തെളിയിച്ചിരുന്നു. തുടക്കത്തിൽ കുറഞ്ഞ സ്‌കോറുകൾ മാത്രമാണ് നേടിയതെങ്കിലും അദ്ദേഹം തന്റെ കഴിവിന്റെ സൂചനകൾ നൽകി.

2018-ലെ രഞ്ജി സീസണിൽ ഈഡൻ ഗാർഡൻസിൽ ബംഗാളിനെതിരെ പുറത്താകാതെ സെഞ്ചുറി നേടിയതോടെയാണ് ആര്യമാൻ ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രകടനം ഐപിഎൽ സ്കൗട്ടുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിക്കറ്റ് മൈതാനത്തെ പരിചയസമ്പത്തുമായാണ് ആര്യമൻ ബിസിനസ് പിച്ചിലേക്ക് ഇറങ്ങുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസന്റെ സഹതാരമായിരുന്നു ഇദ്ദേഹം. 2018-ലെ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തത്. എന്നാൽ ഐപിഎല്ലിൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചില്ല.

ഒരു വലങ്കയ്യൻ ഓൾറൗണ്ടർ എന്ന നിലയിൽ രണ്ട് സീസണുകൾ (2018-19) അദ്ദേഹം ടീമിനൊപ്പം ചെലവഴിച്ചു. എന്നാൽ പരിക്കുകളും കടുത്ത മത്സരവും കാരണം ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ചില മത്സരങ്ങളിൽ പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു. അന്ന് ആര്യമൻ ബിർള ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

"ഞാൻ ഒരു തടവറയിൽ അകപ്പെട്ടതുപോലെയാണ് അനുഭവിപ്പെട്ടത്. ഇതുവരെയുള്ള എല്ലാ മാനസിക വിഷമങ്ങളെയും അതിജീവിച്ച് ഞാൻ എന്നെത്തന്നെ മുന്നോട്ട് നയിച്ചു. എന്നാൽ ഇപ്പോൾ മറ്റെന്തിനേക്കാളും ഉപരിയായി എന്റെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. നമുക്കെല്ലാവർക്കും നമ്മുടേതായ യാത്രകളുണ്ട്. ഈ സമയം എന്നെത്തന്നെ കൂടുതൽ നന്നായി മനസ്സിലാക്കാനും, പുതിയതും വൈവിധ്യമാർന്നതുമായ കാഴ്ചപ്പാടുകളിലേക്ക് മനസ്സ് തുറക്കാനും, എന്റെ കണ്ടെത്തലുകളിൽ ഒരു ലക്ഷ്യം കണ്ടെത്താനും ഞാൻ ആഗ്രഹിക്കുന്നു."

അവസരങ്ങൾ കുറവായിരുന്നിട്ടും, ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം (414 ഫസ്റ്റ് ക്ലാസ് റൺസ്) അദ്ദേഹത്തിന്റെ മൂല്യം തെളിയിക്കുന്നതായിരുന്നു. 2020 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ഒഴിവാക്കി. തുടർന്ന് തന്റെ 22-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധി അദ്ദേഹം പ്രഖ്യാപിച്ചു. 2019-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം, ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്നുള്ള എംബിഎ (ഓണേഴ്സ്), ബെയ്‌സ് ബിസിനസ് സ്കൂളിലെ മാസ്റ്റേഴ്സ് ഇൻ ഗ്ലോബൽ ഫിനാൻസ്, മുംബൈ യൂണിവേഴ്സിറ്റിയിലെ ബിരുദം എന്നിവയുടെ കരുത്തിൽ ആര്യമൻ ബിർള ആദിത്യ ബിർള ഗ്രൂപ്പിൽ അതിവേഗം ഉയർച്ചകൾ കീഴടക്കി.

ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി മേഖല വികസിപ്പിക്കുന്നതിനായി 'ആദിത്യ ബിർള ന്യൂ ഏജ് ഹോസ്പിറ്റാലിറ്റി', വളരുന്ന സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ടുള്ള 'ആദിത്യ ബിർള വെഞ്ചേഴ്സ്' എന്നിവ അദ്ദേഹം സ്ഥാപിച്ചു. 2023-ഓടെ ഗ്രൂപ്പിന്റെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ ആദിത്യ ബിർള മാനേജ്‌മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിലും ഹിൻഡാൽകോ, ഗ്രാസിം, എബിഎഫ്ആർഎൽ (ABFRL) എന്നീ പ്രമുഖ കമ്പനികളുടെ ബോർഡുകളിലും അദ്ദേഹം അംഗമായി. 2026 മാർച്ച് 24-ന്, 1.78 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലിലൂടെ ആർസിബി (RCB) കൺസോർഷ്യത്തിന്റെ ചെയർമാനായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ഐപിഎല്ലിൽ ഒരു കളിക്കാരനായും ഫ്രാഞ്ചൈസി ചെയർമാനായും സേവനമനുഷ്ഠിക്കുന്ന ആദ്യ വ്യക്തിയായി ആര്യമൻ മാറി.

Tags:    

Similar News