'റിയാന്‍ പരാഗ് രാജസ്ഥാനില്‍ രാജാവിനെ പോലെയാണ്; എങ്ങനെ ക്യാപ്റ്റനായെന്ന് എല്ലാവര്‍ക്കുമറിയാം; ടീം അത്ര മോശമല്ല; വലിയ ടീമുകളെ ഞെട്ടിക്കാനുള്ള ആയുധങ്ങളുണ്ട്; എന്നാല്‍ സ്വയം തകരാനും സാധിക്കും'; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
മുംബൈ: ഐപിഎല്‍ സീസണിന് തുടക്കമാകാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 24കാരനായ പരാഗിന് ഒരു രാജാവിനെപ്പോലെയുള്ള പരിഗണനയാണ് ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ലെന്നും ജഡേജ, ധ്രുവ് ജുറേല്‍, യശസ്വി ജെയ്സ്വാള്‍ എന്നിങ്ങനെ മികച്ച കളിക്കാരുണ്ടായിട്ടും പരാഗ് എങ്ങനെ ക്യാപ്റ്റനായി എന്നും ശ്രീകാന്ത് ചോദിക്കുന്നു. രാജസ്ഥാനില്‍ രവീന്ദ്ര ജഡേജയുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളുള്ളപ്പോഴും ക്യാപ്റ്റന്‍സി പരാഗില്‍ എത്തിയതാണ് ശ്രീകാന്തിനു രസിക്കാതിരുന്നത്.
2017 ഐപിഎലില്‍ രാജസ്ഥാനിലെത്തിയ പരാഗ് തുടര്‍ച്ചയായി ഫോം കണ്ടെത്താതിരുന്നപ്പോഴും, ഫ്രാഞ്ചൈസിയിലെ സ്ഥിര സാന്നിധ്യമായിരുന്നു. കഴിഞ്ഞ ഐപിഎലില്‍ സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ക്യാപ്റ്റന്‍സി ചുമതലകള്‍ പരാഗിനെ തേടിയെത്തിയത്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയതോടെ പരാഗിനെ രാജസ്ഥാന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.
''പരാഗ് എങ്ങനെയാണു ക്യാപ്റ്റനായതെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനമാണ്. പക്ഷേ ആ ഫ്രാഞ്ചൈസിയില്‍ റിയാന്‍ പരാഗ് രാജാവിനെപ്പോലെയാണ്. കഴിഞ്ഞ സീസണില്‍ പരാഗിന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ല. എന്നാല്‍ അതിനു മുന്‍പുള്ള സീസണില്‍ പരാഗ് നന്നായി കളിച്ചു. കഴിഞ്ഞ വര്‍ഷം അദ്ദേഹം അത്ര ഭയങ്കരമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.'' ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയില്‍ പ്രതികരിച്ചു. കഴിഞ്ഞ ഐപിഎലില്‍ രാജസ്ഥാനെ എട്ടു മത്സരങ്ങളിലാണു താരം നയിച്ചത്. എന്നാല്‍ രണ്ടു വിജയങ്ങള്‍ സ്വന്തമാക്കാന്‍ മാത്രമാണു സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ തുടങ്ങിയ യുവതാരങ്ങളെ മറികടന്നാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരാഗ് കടന്നുവന്നത്.
''രാജസ്ഥാന്‍ ടീം അത്ര മോശമല്ല. വലിയ ടീമുകളെ ഞെട്ടിക്കാനുള്ള ആയുധങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ സ്വയം തകരാനും രാജസ്ഥാനു സാധിക്കും. ടോപ് ഓര്‍ഡറിലെ അഞ്ചു താരങ്ങളില്‍ രണ്ടു ബാറ്റര്‍മാര്‍ തിളങ്ങിയാല്‍ പോലും എതിരാളികളെ വിറപ്പിക്കാന്‍ രാജസ്ഥാനു കഴിയും. യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേരുന്ന ഓപ്പണിങ് സഖ്യമാണ് ടീമിന്റെ വലിയ പ്ലസ്. ഈ താരങ്ങള്‍ക്ക് ഒറ്റയ്ക്ക് കളികള്‍ ജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ രാജസ്ഥാന് കിരീടം വിജയിക്കാനാകുമെന്നു തോന്നുന്നില്ല. പ്ലേ ഓഫ് യോഗ്യതയില്‍ തന്നെ 50 - 50 സാധ്യത മാത്രമാണുള്ളത്.'' ശ്രീകാന്ത് വ്യക്തമാക്കി.
