യു കെയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; റാന്നി സ്വദേശിയായ ഒന്നാം പ്രതി പിടിയില്‍; അറസ്റ്റ് കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച കേസില്‍

ജോലി വാഗ്ദാന തട്ടിപ്പ് കേസില്‍ റാന്നി സ്വദേശി പിടിയില്‍

Update: 2024-11-24 12:42 GMT

റാന്നി: യു കെയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം 50,000 രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടന്‍മേട് കല്ലട വാഴേപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണ്‍ (42) ആണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22 ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നും, ജോമോന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹന്‍ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്.

റാന്നി പാലത്തിനടുത്താണ് ജോമോന്‍ നടത്തുന്ന ഹോളി ലാന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയില്‍ നിന്നും പണം കൈപ്പറ്റിയത്. തുടര്‍ന്ന് ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നാണ് പരാതി. ഈ മാസം രണ്ടിന് റാന്നി പോലീസ് സ്റ്റേഷനില്‍ എത്തി യുവതി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ്, റാന്നി പഴവങ്ങാടി ബ്രാഞ്ചില്‍ ഉള്ള ജോമോന്റെ ബാങ്ക് അക്കൗണ്ടിന്റെ 2023 ഓഗസ്റ്റ് ഒന്ന് മുതലുള്ള ഇടപാടുകളുടെയും കെ വൈ സി സംബന്ധിച്ചതുമായ വിവരങ്ങളും ശേഖരിച്ചു. യുവതി രണ്ടാം പ്രതി മുഖേന പണം അയച്ചതിന്റെ തെളിവിലേക്ക്, ഇയാളുടെ പേരില്‍ റാന്നി പഴവങ്ങാടി ശാഖയിലെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നുമുതലുള്ള ഇടപാടുകയുടെ രേഖകളും, കെ വൈ സി വിവരങ്ങളും, യുവതിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ സംബന്ധിച്ച രേഖകളും മറ്റും ലഭ്യമാക്കി വിശദമായി പരിശോധിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജോമോനെ ഇപ്പോള്‍ താമസിക്കുന്ന റാന്നി നെല്ലിക്കാമണ്ണിലെ വീടിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇസ്രായേല്‍, യു കെ എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് ഏറെയും നടത്തുന്നതെന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി.

ഇയാള്‍ക്കെതിരെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമാനമായ നിരവധി പരാതികള്‍ സ്റ്റേഷനിലും, ജില്ലാ പോലീസ് മേധാവിയ്ക്കും ലഭിക്കുന്നുണ്ട്. രണ്ടാമത് എടുത്ത കേസില്‍ ബാങ്ക് രേഖകള്‍ കിട്ടുന്നതിന് അപേക്ഷ നല്‍കിയതായും, കിട്ടുന്ന മുറക്ക് തുടര്‍നടപടി കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ എസ് ഐ അജു കെ അലി, എസ് സി പി ഓമാരായ അജാസ് ചാരുവേലില്‍, ഗോകുല്‍ എന്നിവരാണ് ഉള്ളത്.

Tags:    

Similar News