കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവാതെ പ്രോസിക്യൂഷന്‍
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?
വടകര: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ ഉന്നയിച്ചപ്പോഴാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പൊലീസ് സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടില്‍ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയുടെ ഫോറന്‍സിക് പരിശോധന ഫലമുണ്ട്. റിബേഷിന്റെ ഫോണില്‍ നിന്ന് സന്ദേശം സൃഷ്ടിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എവിടെനിന്നാണ് സന്ദേശം കിട്ടിയതെന്ന വിവരമില്ല. ഇതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂരിലെ മുഹമ്മദ് കാസിമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജില്‍നിന്ന് വിവാദ സന്ദേശം നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനാല്‍ മെറ്റയെ കേസില്‍ മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'പോരാളി ഷാജി' പേജിന്റെ അഡ്മിന്‍ വഹാബ്, 'അമ്പാടിമുക്ക് സഖാക്കള്‍' പേജിന്റെ അഡ്മിന്‍ മനീഷ്, 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത അമല്‍റാം, 'റെഡ് എന്‍കൗണ്ടര്‍' ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ഇദ്ദേഹം ഉന്നയിച്ചു. കേസ് 20ന് വീണ്ടും പരിഗണിക്കും