ക്ഷേത്ര വാതിൽ തുറന്ന ജീവനക്കാരന് പരിഭ്രാന്തി; നിത്യവും ഉപയോഗിച്ചിരുന്ന ആ വസ്തു കാണാനില്ല; സിസിടിവി പരിശോധനയിൽ കൈയ്യോടെ തൂക്കി; കള്ളനെ പൊക്കി പോലീസ്

Update: 2025-10-14 06:28 GMT

ആലപ്പുഴ: ആലപ്പുഴയിലെ അണ്ണാവി ക്ഷേത്രത്തിൽ നിന്ന് നിത്യവും ഉപയോഗിക്കുന്ന നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ 63-കാരനായ രമേഷ് കുമാറിനെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് നിലവിളക്കുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്.

വിവരം ലഭിച്ചയുടൻ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ റെജിരാജ് വി.ഡിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. ക്ഷേത്രത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച നിലവിളക്കുകളും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സബ് ഇൻസ്പെക്ടർ കണ്ണൻ എസ്. നായർ, സീനിയർ സിപിഒമാരായ ജോസഫ് ടി.വി., അഭിലാഷ് എൻ.പി., സിപിഒമാരായ ബിജു വി.ജി., അരുൺ ജി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി.

Tags:    

Similar News