രാത്രി വികാസ് ഭവന്‍റെ മുന്നിൽ കിടന്ന് കറക്കം; വാഹനങ്ങളുടെ ബാറ്ററി ഊരിയെടുത്ത് മുങ്ങൽ; തെളിവായി ദൃശ്യങ്ങൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: വികാസ് ഭവന് പിന്നിൽ നിർത്തിയിട്ടിരുന്ന സർക്കാർ വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. അഞ്ചോളം മോഷണ കേസുകളിൽ ഉൾപ്പെട്ട അനിലാണ് പിടിയിലായത്. ഓഡിറ്റ്, ജലസേചന, ഫിഷറീസ്, വാണിജ്യ വകുപ്പുകളുടെ വാഹനങ്ങളിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിക്കപ്പെട്ടത്.
സംഭവസ്ഥലത്ത് രാത്രിയിൽ ഒരു വാഗൺR കാറും ഒരു ആക്ടീവ സ്കൂട്ടറും എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, വാഹനങ്ങളുടെ നമ്പർ വ്യക്തമല്ലാത്തതിനാൽ പ്രതികളിലേക്ക് എത്താൻ തുടക്കത്തിൽ സാധിച്ചില്ല. വികാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സനൽകുമാർ പരിശോധിക്കുകയും പ്രതി എത്തിയ തീയതിയും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തു.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, പ്രതിയുടെ വാഹനം സംബന്ധിച്ച നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. പ്രതി തന്റെ വാഹനം പി.എം.ജി.യിലെ തട്ടുകടയിൽ പാർക്ക് ചെയ്യുകയും അവിടെ നിന്ന് മറ്റൊരാളെ കൂട്ടിക്കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.