തുണിക്കടയിൽ കയറി പണം അടിച്ചുമാറ്റി; എല്ലാം തൂത്തുവാരി..ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസം; ഇതര സംസ്ഥാന മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2026-01-01 17:21 GMT

കൊച്ചി: കോലഞ്ചേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി ആസാം സ്വദേശിയായ റഷീദുൾ ഇസ്ലാം (26) പിടിയിൽ. കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്ന ഇയാളെ പുത്തൻകുരിശ് പോലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 24-നാണ് കേസിനാസ്പദമായ സംഭവം. കോലഞ്ചേരിയിലെ 'ലിസ ഫാഷൻ' എന്ന തുണിക്കടയിൽ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം റഷീദുൾ ഇസ്ലാം ഒളിവിൽ പോവുകയായിരുന്നു. പ്രതി കോതമംഗലം ഇരുമലപ്പടിയിലെ ഒരു ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ഡിവൈഎസ്പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ. ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ, എഎസ്ഐ വി.എ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണക്കേസിലെ പ്രതിയെ സാഹസികമായ നീക്കങ്ങളിലൂടെയാണ് പോലീസ് വലയിലാക്കിയത്.

Tags:    

Similar News