അമിത വേഗതയിൽ പാറകയറ്റി വന്ന ടിപ്പർ ലോറി; പെട്ടെന്ന് നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം വെഞ്ഞാറുംമൂട്ടിൽ

Update: 2026-03-19 09:09 GMT

തിരുവനന്തപുരം: പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിലെ കുന്നത്തുനടയിൽ പാറയുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. ബൈക്ക് യാത്രികനാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗതയിലെത്തിയ ടോറസ് ലോറി റോഡരികിലെ മതിലിലിടിച്ച ശേഷം നിയന്ത്രണം തെറ്റി സമീപത്തുണ്ടായിരുന്ന കാറിലേക്കും ബൈക്കിലേക്കും മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന വൻ പാറക്കൂട്ടങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ചു.

അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ലോറിയുടെ ടയർ പൊട്ടിത്തെറിച്ചതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.

പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായതിനെത്തുടർന്ന് പോലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മരിച്ച വ്യക്തിയുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നുള്ളൂ. വെഞ്ഞാറമൂട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News