സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി. ജോസഫ് ബി.ജെ.പിയില്‍ ചേരും; കണ്ണൂര്‍ പുതിയതെരുവില്‍ എന്‍.ഡി.എ റോഡ് ഷോയില്‍ പങ്കെടുക്കും
സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി. ജോസഫ് ബി.ജെ.പിയില്‍ ചേരും
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റും പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി. ജോസഫ് ബി.ജെ.പിയില്‍. വ്യാഴാഴ്ച കണ്ണൂര്‍ പുതിയതെരുവില്‍ നടക്കുന്ന എന്‍.ഡി.എ റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
ശേഷം അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എം.പിയില്‍ നിന്നു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് നിവേദനവുമായി എത്തിയത്.
ബി.ജെ.പി വേദിയില്‍ എത്തിയത് അന്ന് വാര്‍ത്തയായിരുന്നു. ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട ലൈസന്‍സിനായി നിരവധിതവണ സമീപിച്ചിട്ടും ഇടപെടാന്‍ സണ്ണി ജോസഫ് തയാറായില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പിയുടെ അദാലത്തില്‍ എത്തിയതെന്നും ഷാജി ജോസഫ് അന്ന് പറഞ്ഞിരുന്നു. ബി.ജെ.പി.യില്‍ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്ന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.