85 വയസ്സുവരെയുള്ളവര്‍ക്ക് ഫോം വിതരണം; അവശ്യ സേവന വിഭാഗത്തിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട്; അപേക്ഷ തുടങ്ങി
തിരുവനന്തപുരം : അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പുകളില്‍നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവര്‍ക്ക് തപാല്‍ വോട്ട് ആവശ്യമുണ്ടെങ്കില്‍ 21 വരെ അപേക്ഷിക്കണം. ഫോം 12 ഡിയും പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് മാര്‍ച്ച് 21ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇവര്‍ക്ക് ഏപ്രില്‍ 3, 4, 5 തിയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വേട്ട് രേഖപ്പെടുത്താം.
കേരള പൊലീസ്, കേരള ബറ്റാലിയന്‍, അഗ്‌നിരക്ഷാസേന, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ കമീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.
40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റിസണ്‍ ആയ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 ഡി ബിഎല്‍ഒമാര്‍ വിതരണംചെയ്തുതുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒമാര്‍ തന്നെ തിരികെ വാങ്ങി വീടുകളില്‍ത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.