വീടിന്റെ വരാന്തയിൽ കിടന്ന് ഉറക്കം; പെട്ടെന്ന് കണ്ടപാടെ തലയും മൂക്കും കടിച്ചുപറിച്ചു; കൊല്ലത്തെ പരിഭ്രാന്തിയിലാക്കി തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്

Update: 2026-03-19 04:26 GMT

കൊല്ലം: കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക്, തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ 12 മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവുനായയുടെ ആക്രമണം. ഉറങ്ങിക്കിടന്നവർക്കും വയോധികർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അർധരാത്രി പന്ത്രണ്ടരയോടെ ശൂരനാട് വടക്ക് ഭാഗത്തുനിന്നാണ് ആക്രമണം തുടങ്ങിയത്.വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മണിയമ്മ (78), വരാന്തയിൽ കിടന്ന ശിവദാസൻ (58) എന്നിവർക്ക് ക്രൂരമായ കടിയേറ്റു. ഗോപിനാഥൻ പിള്ള (80), ഉണ്ണിക്കൃഷ്ണ പിള്ള (55) എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപതരയോടെ ചക്കുവള്ളി ഭാഗത്ത് വെച്ച് അനിൽ ജോർജ് (46), അദ്ദേഹത്തിന്റെ പിതാവ് ജോർജ് (84) എന്നിവരെ നായ ആക്രമിച്ചു. പോരുവഴിയിൽ മുറ്റത്തുനിന്ന സ്കൂൾ വിദ്യാർത്ഥിക്കും കടിയേറ്റു.

ആനയടി മുതൽ കൊച്ചുതെരുവ് വരെ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നായ ആളുകളെ ആക്രമിച്ചത്. ഒടുവിൽ നായ ഓടിമറഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന ആശങ്കയിൽ പ്രദേശവാസികൾ ഭീതിയിലാണ്.

Tags:    

Similar News