കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനില്‍ നിന്നും നഷ്ടമാകുന്നത് 63,380 സിലണ്ടറിന് തുല്യം ഗ്യാസ്; വെള്ളം പമ്പ് ചെയ്ത് വാതകം പരക്കുന്നത് നിയന്ത്രിച്ച് അഗ്നിരക്ഷാ സേന

വാതകച്ചോർച്ച; നഷ്ടമാകുന്നത് 63,380 സിലിൻഡറിന് തുല്യം ഗ്യാസ്

Update: 2026-03-19 04:16 GMT

തൃശ്ശൂര്‍: കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനില്‍ വന്‍ചോര്‍ച്ച. മണലി-മടവാക്കര റോഡിനുസമീപത്താണ് പൈപ്പ്‌ലൈനില്‍ വന്‍ ചോര്‍ച്ചയുണ്ടായത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിന്‍ഡറിലുള്ളതിനുതുല്യമായ വാതകമാണ് നഷ്ടമാവുന്നത്. 900 ടണ്‍ വാതകം നഷ്ടപ്പെടുന്നു എന്ന അഗ്‌നിരക്ഷാസേനയുടെ കണക്കുപ്രകാരമാണിത്. എന്നാല്‍ ഇത് സംബന്ധിച്ച് പൈപ് ലൈന്‍ അധികൃതരുടെ ഔദ്യോഗികവിശദീകരണം വന്നിട്ടില്ല.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബി.പി.സി.എല്‍.) പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികള്‍ എട്ടുമീറ്റര്‍ അപ്പുറത്തുള്ള ഗ്യാസ് പൈപ്പ് ലൈനില്‍ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതോടെയാണ് ചോര്‍ച്ചയുണ്ടായത്. പെട്രോള്‍ പൈപ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന്‍ കാരണമെന്നും അറിയുന്നു.

പൈപ്പിന്റെ 12 കിലോമീറ്റര്‍ അകലത്തിലാണ് വാല്‍വുകള്‍ ഉള്ളത്. ആ രണ്ടുവാല്‍വും അടച്ചെങ്കിലും അതിനിടയിലെ വാതകം ചോര്‍ന്നുപോയിക്കൊണ്ടിരിക്കയാണ്. ഇത് മുഴുവന്‍ പുറത്തുകളഞ്ഞതിനുശേഷമേ ചോര്‍ച്ചയുണ്ടായ ഭാഗം അറ്റകുറ്റപ്പണി ചെയ്യാനാകൂ. അഗ്‌നിരക്ഷാസേന വെള്ളം പമ്പുചെയ്താണ് വാതകം പരക്കുന്നത് നിയന്ത്രിച്ചത്.

വന്‍ തോതില്‍ വാതക ചോര്‍ച്ച ഉണ്ടായകതോടെ മേഖലയില്‍ അതീവ ജാഗ്രതയാണ്. വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്‌നിരക്ഷാസേനയും റവന്യൂ അധികൃതരും എത്തി മുന്‍കരുതല്‍ നിര്‍ദേശം നല്‍കി. തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും നിയന്ത്രിച്ചു. മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിയന്ത്രിച്ചു. പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധര്‍ എത്തിയിട്ടുണ്ട്. 12 കിലോമീറ്റര്‍ പൈപ്പില്‍ വെള്ളം നിറച്ചശേഷമാണ് അറ്റകുറ്റപ്പണി നടത്തുക.

Tags:    

Similar News