പെരുമ്പാവൂരില്‍ തര്‍ക്കം മുറുകുന്നു; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

Update: 2026-03-19 07:16 GMT

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പെരുമ്പാവൂര്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു. സീറ്റ് നിഷേധിച്ചാല്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രഖ്യാപിച്ചു. പാര്‍ട്ടി തന്നോട് നീതികേട് കാണിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറിച്ചാണെങ്കില്‍ വോട്ടര്‍മാരുടെ വിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അദ്ദേഹം പ്രതിയായ ലൈംഗികാതിക്രമക്കേസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് വന്നതോടെയാണ് സ്ഥിതി മാറിയത്. മാര്‍ച്ച് 26-ന് കോടതി ഈ കേസ് പരിഗണിക്കാനിരിക്കെ, എല്‍ദോസിനെ വീണ്ടും മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി വിലയിരുത്തി. ദേശീയ നേതാക്കളില്‍ പലരും എല്‍ദോസിന് ഇളവ് നല്‍കുന്നതിനെ എതിര്‍ത്തതോടെയാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്.

എല്‍ദോസിന് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവമായി പരിഗണിക്കുന്നത്. വി.ഡി. സതീശന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താന്‍ മാറുകയാണെങ്കില്‍ പെരുമ്പാവൂരിലോ പറവൂരിലോ സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടിലാണ് എല്‍ദോസ് കുന്നപ്പിള്ളി.

കണ്ണൂരില്‍ കെ. സുധാകരനെ അനുനയിപ്പിച്ചത് പോലെ പെരുമ്പാവൂരിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. എല്‍ദോസ് സ്വതന്ത്രനായി രംഗത്തിറങ്ങിയാല്‍ മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കുമെന്നും അത് ഇടതുമുന്നണിക്ക് ഗുണകരമാകുമെന്നും ആശങ്കയുണ്ട്.

വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ധാര്‍മ്മികമായ കാരണങ്ങളാല്‍ മാറ്റം വേണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം പെരുമ്പാവൂരിലെ പോരാട്ടത്തില്‍ നിര്‍ണ്ണായകമാകും.

Tags:    

Similar News