വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യത്താല്‍; കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്‍; 19കാരന്‍ പിടിയില്‍

Update: 2026-03-19 09:37 GMT

അങ്കമാലി: പ്രണയ നൈരാശ്യത്താല്‍ വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19കാരന്‍ പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടില്‍ സുജിത് സുരേഷ് ആണ് ആലുവ റയില്‍വേ പോലീസിന്റെ പിടിയിലായത്. വന്ദേ ഭാരതത്തിന്റെ പുറത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത് .

ഈ മാസം ഏഴിന് രാവിലെ ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റയില്‍വേ ഗേറ്റിന് സമീപമാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കാമുകിയുടെ വീടിനടുത്ത് സ്ഥിരമായി ചെല്ലാറുണ്ടായിരുന്ന യുവാവ് പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് പൊലീസിനോട് സമ്മതിച്ചു.

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്ത്യന്‍ റെയില്‍വേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തത്. വന്ദേ ഭാരത് ട്രെയിനിന് ചുറ്റും ആറ് സിസിടിവി കാമറകള്‍ ഉണ്ടെന്നും ദൃശ്യങ്ങള്‍ മുഴുവന്‍ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയില്‍വെ പൊലീസ് അറിയിച്ചു

Tags:    

Similar News