യുവതിയെ കണ്ടതും ഒരു കാരണവും ഇല്ലാതെ നെഞ്ചിൽ പിടിച്ച് ഒരൊറ്റ തള്ള്; ദേഷ്യം തീരുന്നതുവരെ വൃത്തികെട്ട രീതിയിൽ സംസാരം; കൂടെ നിന്ന കുട്ടുകാരനെയും വെറുതെ വിട്ടില്ല; പ്രതി പിടിയിൽ
തൃശൂർ: നാട്ടികയിൽ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയും യുവതിയോട് ലൈംഗികച്ചുവയോടെ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ, ഒൻപത് ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. നാട്ടിക എ.കെ.ജി. ഉന്നതിയിൽ കാമ്പ്രത്ത് വീട്ടിൽ അഖിൽ (33) ആണ് വലപ്പാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പത്തിന് രാത്രി ഒമ്പതരയോടെ നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിലെ വഴിയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അഖിൽ ഒരു പ്രകോപനവുമില്ലാതെ യുവതിയുടെ സുഹൃത്തായ അമലിനെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഇത് തടയാനെത്തിയ പരാതിക്കാരിയോട് അഖിൽ ലൈംഗികച്ചുവയോടെ അസഭ്യം പറയുകയും, ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരിയെ തോളിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയതായും കേസിൽ പറയുന്നു.
വലപ്പാട്, കൈപ്പമംഗലം, മലപ്പുറം തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കവർച്ചക്കേസുകൾ, ഒരു വധശ്രമക്കേസ്, ഒരു മോഷണക്കേസ്, ഒരു അടിപിടിക്കേസ്, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസ്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസ് എന്നിവയുൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ.